കോഴിക്കോട് : ‘ടി.പി 51’ സിനിമക്ക് ടി.പി ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ച ഒഞ്ചിയം അടങ്ങുന്ന വടകരയില്‍ തിയറ്ററില്ല. സംസ്ഥാനത്തെ 39 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് വടകരയില്‍ മാത്രമാണ് തിയറ്റര്‍ ലഭിക്കാത്തത്. വടകരയില്‍ നാല് തിയറ്ററുകളുണ്ടെങ്കിലും അനുവദിക്കാത്തതില്‍ ശത്രുക്കളുടെ ഇടപെടലുണ്ടെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ടി.പി ചന്ദ്രശേഖരനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം കാണരുതെന്ന് ആഗ്രഹിക്കുന്നവരുടെ ശ്രമഫലമാണ് വടകരയില്‍ മാത്രം തിയറ്റര്‍ ലഭിക്കാത്തതിന് പിന്നിലുള്ളത്. ഇവിടെ മറ്റു തിയറ്ററുകളിലൊന്നും പ്രേക്ഷക സാന്നിധ്യമുള്ള സിനിമ നിലവില്‍ പ്രദര്‍ശനത്തിനില്ലെന്നിരിക്കെ തിയറ്ററനുവദിക്കാത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലേതടക്കം 39 തിയറ്ററുകളില്‍ നാളെ സിനിമ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു സിനിമ പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രം വെളിച്ചം കാണരുതെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ തുടക്കം മുതല്‍ പുലര്‍ത്തിയ എതിര്‍പ്പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടും തുടരുകയാണെന്നും റിവൈസിംഗ് കമ്മിറ്റിയുടെ അനുമതിയോടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നും നാളെ ചിലപ്പോള്‍ താന്‍ ഇതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വരാമെന്നും അദ്ദേഹം പറഞ്ഞു. ‘ടി.പി 51’ ഒരിക്കലും ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ എതിരല്ല. മറിച്ച് ചന്ദ്രശേഖരന്‍ എന്ന യഥാര്‍ഥ ഇടതുപക്ഷ നേതാവിന്റെ ജീവിതവും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയത്തിന് വിരുദ്ധവുമാണ് സിനിമ. ചന്ദ്രശേഖരനായി വേഷമിടുന്ന രമേഷ് വടകരയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.