
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ തുടർ അന്വേഷണം സിബിഐയ്ക്കു വിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കേരളത്തിൽ സിപിഎം നയിക്കുന്ന ഇടതു മുന്നണി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുന്നതായി ആരോപിച്ചു കേരളത്തിലെ എൻഡിഎ നേതാക്കൾ ഗവർണറെ കണ്ടിരുന്നു. കേരളത്തിൽ സിപിഎം വ്യാപകമായി അക്രമം നടത്തുന്നതായി കേന്ദ്ര സർക്കാരിനെയും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇതേ തുടർന്നാണ് പിണറായിയെ പൂട്ടാനുള്ള മറുമരുന്നുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എത്തുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ തുടർ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വവും, കഴിഞ്ഞ യുഡിഎഫ് സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ, സിപിഎം സംസഥാന നേതൃത്വത്തിനും, സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും നേരിട്ടു പങ്കുണ്ടെന്നു ടി.പിയുടെ വിധവ കെ.കെ രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതിയിലും പറഞ്ഞിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്ത് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാനാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും ഒരുങ്ങുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്ന ദിവസം തന്നെ ടിപി കേസ് സിബിഐയ്ക്കു കൈമാറി ഉത്തരവിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതിലൂടെ മാത്രമേ കേരളത്തിൽ സിപിഎം നടത്തുന്ന അക്രമ സമരത്തിനു അന്ത്യം കുറിക്കാൻ സാധിക്കൂ എന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ടിപി കേസിൽ സിബിഐയുടെ വിരൽ ചൂണ്ടുന്നത് പിണറായിക്കു നേരെയായാൽ കേരളത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാമെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ വീണ്ടും അക്രമപരമ്പര തന്നെയുണ്ടാകുമെന്നും ബിജെപി ഭയപ്പെടുന്നു. സിപിഎം ഭരിക്കുന്ന അടുത്ത അഞ്ചു വർഷം ബിജെപിയുടെ ശക്തിക്ഷയിപ്പിക്കാനുള്ള പ്രവർത്തനങ്ങളാവും നടത്തുക, ഈ സാഹചര്യത്തിൽ ടിപി കേസ് പിടിവള്ളിയായി ഉപയോഗിക്കാനാവും ബിജെപി ശ്രമിക്കുക.