കോഴിക്കോട്: ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ 2009-ല്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ കൂടാതെ തള്ളിയത്. കേസില്‍ 14 പേരെയാണ് പോലീസ് പ്രതിചേര്‍ത്തിരുന്നത്. പ്രതികള്‍ക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിനു കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് വിചാരണ കൂടാതെ തള്ളണമെന്ന പ്രതികളുടെ വാദം അംഗീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
2009 ൽ വടകര ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. സി.പി.എമ്മിന്റെ മരിച്ചുപോയ പ്രാദേശിക നേതാവ് സി.എച്ച്. അശോകൻ, ഒഞ്ചിയത്തെ സി.പി.എമ്മിന്റെ മറ്റ് പ്രാദേശിക നേതാക്കൾ, വധക്കേസിൽ ശിക്ഷിക്കപ്പെട്ട് തൃശൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെയുളള 15 പ്രതികൾ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
നിലവിൽ തെളിവുകളൊന്നുമില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ടി.പിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതിനുള്ള ഫോൺ സംഭാഷണങ്ങൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആറ് വർഷം മുമ്പ് ചോമ്പാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിതെന്നും അതിന് ശേഷമാണ് ചന്ദ്രശേഖരൻ വധിക്കപ്പെട്ടതെന്നും ഇതിന് തെളിവുകളുണ്ടെന്നുമായിരുന്നു സ്പെഷ്യൽ പ്രോസിക്യൂഷന്റെ വാദം. 2012 മേയ് നാലിനാണ് ടി.പി.ചന്ദ്രശേഖരൻ വെട്ടേറ്റ് മരിച്ചത്.