
കണ്ണൂര്‍: ‘ടിപി 51’ ന്റെ സംവിധായകന്‍ മൊയ്തു താഴത്ത് സിപിഎമ്മിലേയ്ക്ക്. നേരത്തെ സിപിഎമ്മുമായി തെറ്റി കോണ്‍ഗ്രസ്സിലെ നേതാക്കന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്നപ്പോഴാണ് ‘ടിപി 51’ ചിത്രീകരിച്ചത്. ടിപി ചന്ദ്രശേഖരന്‍ വധവും തുടര്‍ സംഭവങ്ങളും പ്രതിപാദിക്കുന്ന സിനിമയാണ് ‘ടിപി 51’. സിനിമ വെളിച്ചം കാണുന്നതിന് മുമ്പ് തന്നെ വിവാദത്തിന് വഴിവച്ചിരുന്നു. സിനിമയ്‌ക്കെതിരെ സിപിഎമ്മുകാര്‍ രംഗത്തെത്തുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ തീയറ്റര്‍ ഉടമകള്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറുകയും സര്‍ക്കാര്‍ തീയറ്ററുകളില്‍ മാത്രം പ്രദര്‍ശനം നടക്കുകയുമാണ് ഉണ്ടായത്. ഈ പിന്മാറ്റം സിപിഎമ്മിന്റെ ഭീഷണി കാരണമാണെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു.
സിപിഎമ്മുമായി മൊയ്തു താഴത്ത് അടുക്കുന്നതോടെ ‘ടിപി 51’ ഇനി പെട്ടിയില്‍ തന്നെ ഇരിക്കുമെന്ന് കരുതുന്നു. പാര്‍ട്ടിയെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലാണ് സിനിമ. പോലീസ് അന്വേഷണത്തിന്റെ രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ രമേശ് വടകരയാണ് ടിപിയായി അഭിനയിച്ചത്. സിനിമയിലെ തന്നെ അഭിനേതാവും കോണ്‍ഗ്രസ്സ് നേതാവുമായ റിജില്‍ മാക്കുറ്റി അടക്കമുള്ള നേതാക്കന്മാരുമായി മൊയ്തു താഴത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതാണ് വീണ്ടും സിപിഎമ്മിനോട് അടുക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.