വിശ്വസ്തരെ തൊട്ടപ്പോള്‍ മുഖ്യമന്ത്രിയ്ക്കും പൊളളി; ടിപി ദാസനെ പ്രതിയാക്കിയത് പിണറായിക്ക് പിടിച്ചില്ല; ജേക്കബ് തോമസിന്റെ കസേര തെറിക്കാനുള്ള വഴികള്‍ ഇങ്ങനെ

തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ലെങ്കിലും കേരളത്തിലെ അഴിമതിക്കാരെ കയ്യോടെ പൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. മുഖം നോക്കാത്തെ നടപടിയെടുക്കുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് എത്തിച്ചത് തന്നെയായിരുന്നു അതിന്റെ കാരണം. അതിന്റെ നേട്ടം കൊയ്തതു പിണറായി തന്നെയായിരുന്നു. ജേക്കബ് തോമസിന്റെ നടപടികളില്‍ അഴിമതിക്കാര്‍ ഓരോന്നായി പിടിക്കപ്പെട്ട് തുടങ്ങിയതോടെ വിജിലന്‍സ് ഡയറക്ടറെ പൂട്ടാനായിരുന്നു പിന്നെ കരുക്കള്‍ നീങ്ങിയത്.അപ്പോഴും പിണറായിയുടെ പിന്തുണ ജേക്കബ് തോമസിനായിരുന്നു. ജേക്കബ് തോമസിനെതിരെ പരാതി പറയാനെത്തിയ ഐഎഎസുകാരെ പിണറായി വിറപ്പിച്ചപ്പോഴു ജനം മുഖ്യമന്ത്രിയ്ക്ക് വേണ്ടി കയ്യടിച്ചു..

പക്ഷെ കാര്യങ്ങള്‍ മാറി മറിഞ്ഞതോടെ ജേക്കബ് തോമസിനെ മുഖ്യമന്ത്രിയും ഒതുക്കുകയാണോ എന്ന് വേണം സംശയിക്കാന്‍. അഴിമതി കഥകള്‍ സ്വന്തം തട്ടകത്തിലും തുടരുകയും വിശ്വസ്തരായവര്‍ക്കെതിരെ വിജിലന്‍സ് നടപടിയും ആരംഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും ജേക്കബ് തോമസിനെ തട്ടാന്‍ തീരുമാനിക്കുകയായിരുന്നു . ഭരണ കക്ഷിയിലെ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിയ്ക്കപെടുന്നതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനും വിജിലന്‍സിനെതിരെ രംഗത്ത് വന്നത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടിപി ദാസനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. അതിന്റെ ചൂടാറും മുമ്പേ ജേക്കബ് തോമസിന്റെ കസേര തെറിക്കുമെന്നകാര്യവും ഉറപ്പായി. വിശ്വസ്തരെ തൊട്ടതോടെ ഇരട്ട ചങ്കും ഇല്ലാതായി ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് പഴി കേള്‍ക്കാന്‍ വയ്യെന്നും അഴിമതിക്കേസുകളില്‍ അന്വേഷണം വേഗത്തിലാക്കുമെന്നും ജേക്കബ് തോമസും അറിയിക്കേണ്ട വരെ അറിയിച്ചു. ലോ അക്കാദമിയിലെ ഭൂമിയിലും ഇടപെടലുണ്ടാകുമെന്ന് തുറന്നു പറഞ്ഞു. ഇതിനൊപ്പമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയില്‍ ഉറച്ച തീരുമാനം ജേക്കബ് തോമസ് എടുത്തത്. ഇതോടെയാണ് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ നിന്നും ജേക്കബ് തോമസിനെ നീക്കാനുള്ള ഫയല്‍ നീക്കം മുഖ്യമന്ത്രിയുടെ ഓഫീസും നല്‍കി. ഇതോടെ കാര്യങ്ങളുടെ കിടപ്പ് വശം എങ്ങിനെയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

തുറമുഖ വകുപ്പിലെ ഡ്രജിങ് അഴിമതിയില്‍ പലവട്ടം ജേക്കബ് തോമസ് മതിയായ വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ മുഖ്യമന്ത്രി തൃപ്തനുമായിരുന്നു. ധനകാര്യവകുപ്പിന്റെ അന്വേഷണ കണ്ടെത്തലുകളെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കം ജേക്കബ് തോമസിനെ കണ്ണിലെ കരടാക്കി. പിണറായി വിജയന്റെ വിശ്വസ്തനായ അനുയായിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടിപി ദാസന്‍. ദാസനെ കേസില്‍ കുടുക്കരുതെന്നും ദാസന്റെ നിലപാടിനാകണം കേസ് അന്വേഷണത്തിന് മുന്‍ഗണ നല്‍കേണ്ടതെന്നുമായിരുന്നു വിജിലന്‍സിനോടുള്ള ആവശ്യം. എന്നാല്‍ എഫ് ഐ ആര്‍ ഇടാനുള്ള കാരണങ്ങള്‍ ഉണ്ടെന്ന് ജേക്കബ് തോമസും നിലപാട് എടുത്തു.

മന്ത്രിമാരായ മേഴ്സിക്കുട്ടി അമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരായ ആരോപണങ്ങളും വിജിലന്‍സിന്റെ പരിഗണനയിലാണ്. ഈ കേസുകളില്‍ മന്ത്രിമാര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടാല്‍ സര്‍ക്കാരിന്റെ പ്രതിസന്ധി ഇരട്ടിയാകും. ഇത് കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ നീക്കാന്‍ പിണറായിയുടെ ഓഫീസ് തന്നെ ഇടപെടല്‍ തുടങ്ങിയത്. അഴിമതിക്കേസില്‍ ഒരു ഉന്നതനേയും ഇനി രക്ഷിക്കില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഈ സാഹചര്യത്തെ ഫലപ്രദമായി ഐഎഎസ് ലോബിയും ഉപയോഗിക്കുകയായിരുന്നു. ഇതോടെയാണ് ഡ്രജിംഗിലെ അഴിമതി വീണ്ടും ചര്‍ച്ചയാക്കാനും ജേക്കബ് തോമസിനെ സംശയ നിഴലിലാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലില്‍ അന്വേഷണം വേണമെന്ന് തന്നെയാകും ഡിജിപിയുടെ നിലപാട്. അന്വേഷണം പ്രഖ്യാപിച്ചാല്‍ ജേക്കബ് തോമസ് സ്വയം സ്ഥാനം ഒഴിയുമെന്നും ഏതിര്‍ ചേരി കണക്കുകൂട്ടുന്നു. സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ ദാസനെതിരായ അന്വേഷണം തന്നെയാണ് ഇതിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

അഴിമതി ആരോപണം നേരിടുന്ന ദാസനെ തലപ്പത്തേക്ക് കൊണ്ടുവരുന്നതില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്റ് ഉറച്ച പിന്തുണയുമായാണ് കോഴിക്കോട്ടെ മുന്‍ മേയര്‍ തല്‍സ്ഥാനത്ത് എത്തിയത്. വിജിലന്‍സ് എഫ് ഐ ആര്‍ നല്‍കിയതോടെ തല്‍സ്ഥാനത്ത് നിന്ന് ദാസനെ മാറ്റേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസും ഇനി വിജിലന്‍സ് ഡയറക്ടറായി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തണമെന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പൊടിതട്ടിയെടുത്തത് ഈ സാഹചര്യത്തിലാണ്.

വിഷയത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം അവസാനമാണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച ഫയലെത്തിയത്. എന്നാല്‍ ലോട്ടറി കേസിലെ വിഷയം വന്നതോടെയാണ് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടി ഫയല്‍ അയച്ചതെന്നാണ് സൂചന. ഇതില്‍ നിന്ന് പ്രകോപനം സ്‌പോര്‍ട്‌സ് ലോട്ടറി അന്വേഷണമാണെന്ന് വ്യക്തവുമാണ്.

അതിനിടെ ലോട്ടറിയിലൂടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വന്‍ ബാദ്ധ്യതയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശുദ്ധ അസംബന്ധമാണെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പ്രതികരിക്കുകയും ചെയ്തു. ലോട്ടറി വിറ്റതിലൂടെ കിട്ടിയ എല്ലാ പൈസയും സര്‍ക്കാറില്‍ അടച്ചിട്ടുണ്ട്. ഇതിനുള്ള എല്ലാ കണക്കുകളും കൗണ്‍സിലിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറിയില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിപ്പ് ഏജന്‍സി മാത്രമാണ്. ജില്ലാ കൗണ്‍സിലുകളും സ്‌പോര്‍ട്‌സ് അസോസിയേഷനുകളും വഴി വിദേശത്തേക്കുള്‍പ്പെടെ ലോട്ടറി വിറ്റഴിക്കുകയായിരുന്നു. ആ വകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ചില ജില്ലാ കൗണ്‍സിലുകള്‍, ചില അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് ഈടാക്കുന്ന നടപടി നടക്കുകയാണിപ്പോള്‍. ദാസന്‍ വ്യക്തമാക്കി.

അഴിമതി നടന്നതായി പറയപ്പെടുന്ന തന്റെ ടേം കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും കണക്കുകളില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അന്നുതന്നെ പരിശോധിക്കാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഈ നിലപാട് തന്നെയാണ് വിജിലന്‍സിന് മുന്നിലും ദാസന്‍ പറഞ്ഞത്. എന്നിട്ടും ഇത് മുഖവിലയ്ക്കെടുത്തില്ല. മറിച്ച് സ്‌പോര്‍ട്‌സ് ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയായിരുന്നുയ പ്രാഥമികാന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തെിയത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയും ഐഎഫ് എസ് ഉദ്യോഗസ്ഥനുമായി തെഗിയാണ് രണ്ടാം പ്രതി. മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കേസില്‍ പ്രതിയാക്കിയതോടെ ജേക്കബ് തോമസിനോട് പിണറായി തീര്‍ത്തും ദേഷ്യത്തിലായി.

കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിയത്. എന്നാല്‍, ഇതില്‍നിന്ന് ഒരു രൂപപോലും കായിക വികസനത്തിന് വിനിയോഗിക്കാന്‍ ലഭിച്ചിട്ടില്ളെന്നും ഭാവനാശൂന്യവും വികലവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വന്‍ ബാധ്യതയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനുണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടത്തെല്‍. സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ പൂര്‍ണമായും ശരിവെക്കുന്നതാണ് വിജിലന്‍സ് നിരീക്ഷണം. ലോട്ടറിയിലൂടെ കോടികളുടെ ഇടപാടാണ് നടന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ രേഖയോ കണക്കുകളോ സൂക്ഷിക്കാഞ്ഞത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തിരുന്നവരുടെ വീഴ്ചയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പ്രമുഖ വ്യവസായി സി.കെ. മേനോന്‍ 25 ലക്ഷം രൂപ ലോട്ടറിക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിനുള്ള 25,000 ടിക്കറ്റുകള്‍ കൗണ്‍സിലില്‍ സൂക്ഷിച്ചിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാല്‍, അന്വേഷണത്തില്‍ സി.കെ. മേനോന്‍ ഈ ടിക്കറ്റുകള്‍ കൈപ്പറ്റിയതായി കൗണ്‍സില്‍ രേഖയിലില്ല. ഇതുവഴി കമ്മിഷന്‍ ഇനത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അഞ്ചുലക്ഷം രൂപ സംബന്ധിച്ചും അവ്യക്തത തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി. ദാസനുവേണ്ടി ഗള്‍ഫ് മേഖലയില്‍ ടിക്കറ്റ് വിറ്റഴിച്ച പി.പി. ഖാലിദിന് നോണ്‍പ്ളാന്‍ ഫണ്ടില്‍നിന്നും വിമാനക്കൂലിയായി 75,440 രൂപ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

മുന്‍ കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം അഞ്ജു ബോബി ജോര്‍ജ് സ്ഥാനം ഒഴിഞ്ഞതിനത്തെുടര്‍ന്ന് കഴിഞ്ഞ ജൂലൈ 23നാണ് ടി.പി. ദാസന്‍ വീണ്ടും പ്രസിഡന്റായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതിയില്‍ കഴിഞ്ഞ ജൂലൈ 14നാണ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Top