വോളിബോള്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: മുന്‍ ദേശീയ വോളിബോള്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം. വോളിബോള്‍ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് ഇദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ ആദ്യ മലയാളിയാണ് കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ തെക്കുമ്പാടന്‍ പുത്തന്‍ വീട്ടില്‍ പദ്മനാഭന്‍ നായര്‍ എന്ന ടി.പി.പി. നായര്‍. രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ വോളിബോള്‍ താരം കൂടിയാണ് ഇദേഹം. മൂന്നു ദേശീയ കിരീടങ്ങളും ഇദേഹത്തിന്റെ പേരിലുണ്ട്.

ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് ടി.പി.പി. നായര്‍. 1962ലെ ജക്കാര്‍ത്താ ഏഷ്യന്‍ ഗെയിംസിലായിരുന്നു ടി.പി.പി. നായരുടെ കീഴില്‍ ഇന്ത്യ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ടീമിന്റെ പരിശീലകനും അദേഹം തന്നെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1958ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയ ടീമിലും ഇദേഹം അംഗമായിരുന്നു. സര്‍വീസസിന്റെയും റയില്‍വേസിന്റെയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 1954ല്‍ റഷ്യന്‍ ടീമിനെതിരെ ഹൈദരാബാദിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു രാജ്യാന്തര അരങ്ങേറ്റം.

1966 മുതല്‍ 1987 വരെ റയില്‍വേ ടീം പരിശീലകന്‍, 1966ല്‍ മഹാരാഷ്ട്ര പുരുഷവനിത ടീം പരിശീലകന്‍, 1992 വരെ മാനേജര്‍, 1982ല്‍ ഡല്‍ഹി ഏഷ്യാഡില്‍ ലെയ്‌സണ്‍ ഓഫിസര്‍, 1990ല്‍ തൃപ്രയാറില്‍ ഫെഡറേഷന്‍ കപ്പ് നേടിയ റയില്‍വേസ് വനിത ടീം പരിശീലകന്‍ എന്നിങ്ങനെ കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടിലധികം വോളിബോള്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു ടി.പി.പി. നായര്‍.

Top