ന്യൂഡൽഹി: നവംബർ 29ന് പാർലമെൻറിലേക്ക് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി മാറ്റിവെച്ചു. സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന് ശേഷമാണ് ട്രാക്ടർ റാലി മാറ്റാനുള്ള തീരുമാനം. അതേസമയം, അതിർത്തിയിലെ കർഷക സമരം തുടരും.
നവംബർ 29ന് കർഷകർ പാർലമെൻറിലേക്ക് കർഷക റാലി നടത്തുമെന്നായിരുന്നു പ്രഖ്യാപനം. 60ഓളം ട്രാക്ടറുകൾ റാലിയിൽ അണിനിരക്കുമെന്നും 1000 ത്തോളം പേർ പങ്കെടുക്കുമെന്നും കർഷക സംഘടന നേതാവ് രാകേഷ് ടികായത്ത് അറിയിച്ചിരുന്നു. പാർലമെൻറിൽ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
കേന്ദ്ര സർക്കാറിൻറെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെയും സമരം തുടരുമെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്.