ബംഗളൂരു:രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വാഹനവ്യൂഹം തടഞ്ഞ് ആംബുലന്‍സ് കടത്തി വിട്ട പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം. ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെകടര്‍ എം.എല്‍.നിജലിംഗപ്പയുടെ നടപടിക്കാണ് ഈ അംഗീകാരം ലഭിച്ചത്. ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ജോലി ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം.എല്‍ നിജലിംഗപ്പയാണ് ആംബുലന്‍സിന് വഴിയൊരുക്കാന്‍ ബൈപാസില്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിര്‍ത്തിയത്.
ബംഗളൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നിജലിംഗപ്പ വാഹനം തടഞ്ഞത്. രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സമീപത്തെ എച്ച്.എ.എല്‍ ആശുപത്രിയിലേക്കാണെന്ന് അറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി. തിരക്കേറിയ ബൈപാസില്‍ തടസമില്ലാതെ ആംബുലന്‍സിന് കടന്നുപോകാന്‍ ശരനിമിഷത്തില്‍ നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു.പൂര്‍ണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിര്‍വഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഇൗസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ അഭയ് ഗോയല്‍ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്ന് പൊലീസ് കമീഷണര്‍ പ്രവീണ്‍ സൂധും ട്വിറ്ററിലൂടെ അറിയിച്ചു.