സ്വന്തം ലേഖകൻ
കൊല്ലം: ഗുഡ്‌സ് തീവണ്ടി പാളം തെറ്റി മറിഞ്ഞ് വൻ ദുരന്തത്തിൽ രക്ഷപെട്ട കരുനാഗപ്പള്ളിയ്ക്കു സമീപം വീണ്ടും ട്രെയിൻ അപകടം. റയിൽവേ ട്രാക്കിൽ പരിശോധന നടത്തുന്ന ട്രോളിയിൽ കേരള എക്‌സ്പ്രസ് ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്. ട്രെയിൻ വരുന്നത് കണ്ട് ട്രോളിയിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടിയത് ദുരന്തം ഒഴിവാക്കി. ട്രോളിയിൽ ഇടിച്ചിട്ടും കേരള എക്‌സ്പ്രസ് പാളം തെറ്റാതിരുന്നതാണ് സംഭവിക്കാമായിരുന്ന വൻ തീവണ്ടി ദുരന്തം ഒഴിവാക്കിയത്.
അപകടത്തെ തുടർന്ന് കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകൾ വൈകുന്നു. ന്യൂഡൽഹിക്കുള്ള കേരള എക്‌സ്പ്രസാണ് ശാസ്താംകോട്ട വെച്ച് ട്രോളിയിൽ ഇടിച്ചത്. ട്രോളിയിൽ ഇരുന്ന ജീവനക്കാരൻ ട്രെയിൻ വരുന്നത് കണ്ട് ഇറങ്ങി ഓടിയത് കാരണം ദുരന്തം ഒഴിവായി. എന്നാൽ ട്രെയിൻ എഞ്ചിന് കേടുപാട് സംഭവിച്ചു. കൊച്ചുവേളി-യശ്വന്ത്പൂർ എസി എക്സ്പ്രസ്(16562). കന്യാകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്(16525), തിരുവനന്തപുരം-ചെന്നൈ മെയിൽ(12624) എന്നീ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.