സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജോലിക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും ഇനി ട്രഷറി വഴി. ട്രഷറി വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പണം വിതരണം ചെയ്യുന്ന പരിഷ്‌കാരം ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം ട്രഷറിക്കു ധനവകുപ്പ് കൈമാറി. ഇതോടെ സംസ്ഥാനത്തെ അഞ്ചര ലക്ഷം പെന്‍ഷന്‍കാരും അഞ്ചര ലക്ഷം ജീവനക്കാരും പ്രതിമാസ വേതനത്തിനായി ട്രഷറിയെ സമീപിക്കണം. ഇപ്പോള്‍ നാലു ലക്ഷം പെന്‍ഷന്‍കാര്‍ ട്രഷറി വഴിതന്നെയാണു പെന്‍ഷന്‍ കൈപ്പറ്റുന്നതെങ്കില്‍ ജീവനക്കാരില്‍ 40,000 പേര്‍ മാത്രമാണു ട്രഷറിയെ ആശ്രയിക്കുന്നത്. മറ്റുള്ളവര്‍ ബാങ്ക് അക്കൗണ്ടു വഴിയാണു ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നത്.
മാറ്റം നടപ്പാക്കുന്നതോടെ 6,60,000 പേര്‍ കൂടി ട്രഷറിക്കു കീഴിലാകും. കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച പരിഷ്‌കാരമാണു വിവിധ കാരണങ്ങളാല്‍ നീണ്ടത്. പദ്ധതി നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ലെന്നും പരമാവധി പേരെ ആകര്‍ഷിക്കാനായി ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് ബാങ്കുകളെക്കാള്‍ അര ശതമാനം വര്‍ധിപ്പിച്ചു നല്‍കുമെന്നും മന്ത്രി ടി.എം.തോമസ് ഐസക് മനോരമയോടു പറഞ്ഞു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സഹകരണത്തോടെ ഇതിനായി പ്രചാരണ പരിപാടിക്കു തുടക്കമിടും.
പരിഷ്‌കാരത്തിന്റെ ഭാഗമാകാന്‍ സംസ്ഥാനത്തെ പെന്‍ഷന്‍കാരും ജീവനക്കാരും ഇനി ട്രഷറി സേവിങ്‌സ് അക്കൗണ്ട് എടുക്കേണ്ടി വരും. പെന്‍ഷന്‍കാര്‍ക്ക് അതതു ട്രഷറികളിലെത്തി അക്കൗണ്ട് തുടങ്ങാം. സര്‍ക്കാര്‍ ജീവനക്കാര്‍ അക്കൗണ്ട് തുടങ്ങണമെന്ന വകുപ്പുതല നിര്‍ദേശം ഉടന്‍ കൈമാറും. ഓരോരുത്തരുടെയും പെന്‍ഷനും ശമ്പളവും ഈ സേവിങ് അക്കൗണ്ടിലേക്കു നിക്ഷേപിക്കും. ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം.
പരിഷ്‌കാരം നടപ്പാക്കിയാലും പണം ബാങ്കിലേക്കു മാറ്റാനുള്ള സൗകര്യം ട്രഷറി വകുപ്പ് ഒരുക്കും. ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ എത്തുന്ന ശമ്പളമോ പെന്‍ഷനോ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യണമെന്ന് ഇടപാടുകാരനു ട്രഷറിയോട് ആവശ്യപ്പെടാം. ഇങ്ങനെയുള്ളവര്‍ക്ക്, ഇപ്പോള്‍ നേരിട്ടു ബാങ്കിലെത്തുന്ന പണം, പരിഷ്‌കാരം നടപ്പാകുന്നതോടെ ആദ്യം ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെത്തുകയും അവിടെനിന്നു ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയും ചെയ്യും.
ട്രഷറി അക്കൗണ്ടില്‍നിന്നു സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു ഫീസും നികുതിയും ഒക്കെ അടയ്ക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇതിനായി ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യങ്ങള്‍ ട്രഷറി അക്കൗണ്ടില്‍ ലഭ്യമാക്കും. ബാങ്കുകള്‍ ഈടാക്കുന്നതു പോലുള്ള മിനിമം ബാലന്‍സിനു പിഴയും നല്‍കേണ്ട. ചില ബാങ്കുകള്‍ പല പേരുകളില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കുന്ന ചാര്‍ജുകള്‍ ഒഴിവാക്കി പരമാവധി പേരെ ട്രഷറിയിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യം.