തിരുവനന്തപുരം :ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായിട്ടാണ് പിരിച്ചുവിട്ടത് .കേരള സർവീസ് ചട്ടത്തിലെ 18–2 വകുപ്പ് അനുസരിച്ചാണ് ഉത്തരവ്. ബിജുലാലിനെ നോട്ടിസ് നൽകാതെ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. ട്രഷറി തട്ടിപ്പിൽ അറസ്റ്റിലായ ബിജുലാൽ കുറ്റം സമ്മതിച്ചിരുന്നു.തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരന്‍ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
രണ്ട് കോടിക്കു പുറമെ ഏപ്രിലിലും മേയിലും 74 ലക്ഷം രൂപവും തട്ടിയെടുത്തു. പണം ഉപയോഗിച്ചു റമ്മി കളിച്ചു. ഭൂമിയും സ്വർണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നൽകി. മുൻ ട്രഷറി ഓഫിസർ തന്നെയാണ് യൂസർ ഐഡിയും പാസ്‍വേഡും നൽകിയത്. ഒരു ദിവസം ട്രഷറി ഓഫിസർ കംപ്യൂട്ടർ ഓഫാക്കാൻ തനിക്ക് പാസ്‍വേഡ് പറഞ്ഞു തന്നെന്നാണു വിശദീകരണം. മാർച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി. ട്രഷറി ഓഫിസർ അവധിയിൽ പോയശേഷം പണം പിൻവലിക്കുകയായിരുന്നു.
ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 61.23 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാൽ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിൻ വലിക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 20 മുതൽ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയിൽ പെട്ടത്. പ്രാഥമിക പരിശോധനയിൽ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസിൽ പരാതി നൽകിയത് .ബിജുലാലിനെ പിരിച്ചുവിട്ട കാര്യം മന്ത്രി തോമസ് ഐസക്കാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.