ആറളം: കേരളത്തിലെ ആദിവാസികളോടുള്ള ക്രൂരതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ആറളത്ത് ചികിത്സകിട്ടാതെ മരിച്ച അമ്മയും കുഞ്ഞും. വനത്തിനുള്ളില്‍ ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ച വിവരമറിഞ്ഞിട്ടുപോലും അധികൃതര്‍ തിരിഞുനോക്കിയില്ല. പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചിട്ടും 20 മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രസവത്തെ തുടര്‍ന്ന് ആറളം 13-ാം ബ്ളോക്കിലെ മോഹിനിയും (20) കുഞ്ഞും മരിച്ചത്. പ്രദേശവാസികള്‍ ആദ്യം വിവരം കര്‍ണാടക വനംവകുപ്പിനെയും പിന്നീട് ഇരിട്ടി പൊലീസിനെയും അറിയിച്ചുവെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ കര്‍ണാടക ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍പ്പെട്ട സ്ഥലത്താണ് ഇവര്‍ പുതുതായി കുടില്‍കെട്ടി താമസിക്കുന്നത് എന്നതിനാലാണ് ഇരിട്ടി പൊലീസ് സ്ഥലത്തെത്താതിരുന്നതെന്ന സൂചനകളാണ് വരുന്നത്.
കര്‍ണാടക വനംവകുപ്പാകട്ടെ ഇവര്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്നതിനാലാണ് ഇടപെടാതിരുന്നതെന്ന് പറയുന്നു. അതേസമയം, ഇവരുടെ അടുത്ത് നേരത്തേ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. നേരത്തേ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പറയുന്നു. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവിടുമ്പോള്‍ അവരെ തേടിയെത്തി ബോധവല്‍ക്കരണം നടത്തി യഥാസമയം ഗര്‍ഭകാല ശുശ്രൂഷകള്‍ നല്‍കുന്നതില്‍ വീഴ്ചവന്നുവെന്ന് വ്യക്തമാണ്. ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോടികളാണ് ഈ മേഖലയില്‍ മാത്രം ചിലവഴിക്കുന്നത്. ഇതിനായി സംഘടനകള്‍ പണം കൈപ്പറ്റുന്നുമുണ്ട്.
ആറളത്തായിരുന്നു മോഹിനിയുടെ കുടുംബം. കഴിഞ്ഞവര്‍ഷമാണ് ആറളത്തുനിന്ന് കര്‍ണാടകത്തിലെ മാക്കൂട്ടം കോളനിയിലെ രാജേഷുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ആറുമാസം മുമ്പ് ഇവര്‍ ഉള്‍വനത്തില്‍ കുടില്‍കെട്ടി അങ്ങോട്ട് താമസം മാറി. രാജേഷും മോഹിനിയും അമ്മൂമ്മയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഗര്‍ഭിണിയായതോടെ ഇവര്‍ കൂട്ടുപുഴയിലെ സ്വകാര്യ കല്‍നിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സ വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തെങ്കിലും അതിന് തയ്യാറാവാതെ അവര്‍ കാട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് വിവരം.
വെള്ളിയാഴ്ച മരണം സംഭവിച്ചതോടെയാണ് പിന്നീട് നാട്ടുകാരും വിവരമറിയുന്നത്. കാട്ടിനുള്ളില്‍ ഈറ്റയും പല്‍സ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മ്മിച്ച മണ്‍കുടിലില്‍ വച്ചായിരുന്നു പ്രസവം നടന്നത്. വിവരമറിഞ്ഞിട്ടും അധികൃതര്‍ എത്താതിരുന്നതോടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് മാറ്റുന്നതുവരെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം 20 മണിക്കൂറോളം കുടിലിന്റെ മണ്‍തറയില്‍ത്തന്നെ കിടന്നു. പ്രായമായ അമ്മൂമ്മയും ഭര്‍ത്താവ് രാജേഷും രാത്രി മുഴുവന്‍ കാവലിരുന്നിട്ടും ആരുമെത്തിയില്ല. ഇന്നലെ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ മോഹിനിയുടെ അമ്മ താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ളോക്കിലെത്തി സംസ്‌കരിക്കുകയായിരുന്നു.
മാക്കൂട്ടം കോളനിയിലായിരുന്നു രാജേഷിന്റെ വീടെങ്കിലും വനത്തില്‍നിന്ന് കാട്ടുല്‍പന്നങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവന്ന രാജേഷ് കാടിനകത്ത് കുടില്‍കെട്ടി അവിടേക്ക് മാറുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയാണ് മോഹിനി ഒരു പെണ്‍കുട്ടിയെ പ്രസവിക്കുന്നത്. മോഹിനിയുടെ അമ്മൂമ്മയും രാജേഷും ഈ സമയത്ത് കുടിലില്‍ ഉണ്ടായിരുന്നു. അമ്മൂമ്മയാണ് കുട്ടിയെ എടുത്തതെന്നും പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്നു.
പ്രസവത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവതി അല്‍പം കഞ്ഞികുടിക്കുകയും രണ്ടരയോടെ മരിക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് രാജേഷ് പറഞ്ഞു. ഒരു മാസം മുന്‍പാണ് മോഹിനിഭര്‍ത്താവിന്റെ ഒപ്പം താമസിക്കുന്നതിനായി ഫാമില്‍ നിന്നും പോയതെന്ന് സ്ഥലത്തെത്തിയ ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റും ആറളം ഫാം പുനരധിവാസ മേഖലയില്‍ നിന്നുള്ള പഞ്ചായത്ത് അംഗവുമായ കെ.വേലായുധന്‍ പറഞ്ഞു.