വിശപ്പ് സഹിക്കാന്‍ കഴിയാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കോടികളൊഴുകിയട്ടും ആദിവാസികള്‍ പട്ടിണിയില്‍

കണ്ണൂര്‍: ദലിത് ആദിവാസികളുടെ ഉന്നമനത്തിനായി കേരളത്തിലേക്ക് കോടികളൊഴുകുന്നു. ആദിവാസികളുടെ പേരില്‍ എന്‍ജിഒകള്‍ കോടികള്‍ പിരിക്കുന്നു എന്നിട്ടും കേരളത്തിലെ ആദിവാസികള്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നു.

കണ്ണൂരില്‍ ദിവസങ്ങളായി ആഹാരം കിട്ടാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കിയതോടെയാണ് കേരളത്തിലെ ആദിവാസി ജീവിതങ്ങളുടെ ദുരിതം വീണ്ടും പുറംലോകമറിഞ്ഞത്.
പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് പട്ടിണിമൂലം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ശ്രുതിമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ഥിനിയാണ് ശ്രുതിമോള്‍. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവെച്ചശേഷമാണ് ശ്രുതിമോള്‍ ജീവനൊടുക്കിയത്. പട്ടിണിമൂലം ദുരിതമനുഭവിക്കുന്ന ആദിവാസികളെ കൈയൊഴിയുന്ന സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയാണ് ശ്രുതിമോളെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രദേശത്ത് കശുവണ്ടി സീസണായതിനാല്‍ രവിയും മോളിയും ഇളയ മകന്‍ അക്ഷയിനേയും കൂട്ടി കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയിരിക്കുകയായിരുന്നു. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച ശ്രുതിയുടെ വീടിന് സമീപമുള്ള അങ്കണവാടിയില്‍ കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുണ്ടായിരുന്നു. ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയെങ്കിലും ഭക്ഷണമില്ലാത്തതിനാല്‍ ശ്രുതിമോള്‍ പോയിരുന്നില്ല.

വൈകിട്ട് നാലോടെ വീട്ടില്‍ തിരിച്ചെത്തിയ ശ്രുതിമോള്‍ നോട്ട്ബുക്കില്‍ മരണക്കുറിപ്പെഴുതി മേശപ്പുറത്ത് വെച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കരുതുന്നു. ഈ സമയം പ്രമേഹരോഗിയായ അച്ഛമ്മ കിടന്നുറങ്ങുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ മരണം പട്ടിണിമൂലമല്ല എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. അച്ഛനും അമ്മയും ദൂരെയുള്ള സ്ഥലത്ത് ജോലിക്കു പോുകമ്പോള്‍ പെണ്‍കുട്ടി അച്ഛമ്മയുടെ സംരക്ഷണയിലായരിക്കും. അപ്പോള്‍ കുട്ടിക്ക് സമയത്ത് ഭക്ഷണം ലഭിക്കാതിരിക്കുകയും വേണ്ട തരത്തിലുള്ള ശ്രദ്ധ കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഇതുമൂലമുണ്ടായ മാനസിക വിഷമമായിരിക്കാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.
ശ്രുതിമോളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സര്‍ക്കാരിന്റെയും പട്ടികവര്‍ഗവികസന വകുപ്പിന്റെയും അനാസ്ഥയാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Top