
ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. പുലര്‍ച്ചെ 4.40 ഓടെ വിമാനത്താവളത്തിലെത്തിയെങ്കിലും ആറ് മണിക്കൂര്‍ പിന്നിടുമ്പോഴും പുറത്തിറങ്ങാന്‍ സാധിച്ചില്ല.
ഇതോടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രഭാതഭക്ഷണം തൃപ്തിയും ഒപ്പമെത്തിയ അഞ്ചംഗ സംഘവും വിമാനത്താവളത്തില്‍ നിലത്തിരുന്ന് കഴിച്ചു. അതേസമയം എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധം കൊണ്ട് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല, എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്.
താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. വിമാനത്താവളത്തിന് വെളിയില്‍ ശരണം വിളികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. തൃപ്തിക്ക് ശബരിമലയിലേക്ക് എത്താന്‍ ടാക്സി വാഹനങ്ങള്‍ ലഭ്യമായില്ല. ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് നടക്കാതെ വന്നതോടെയാണ് വിമാനത്താവളത്തില്‍ തുടരേണ്ട സ്ഥിതിയില്‍ തൃപ്തിയെത്തിയത്. ഒരുവിധ സംഘര്‍ഷത്തിനില്ലെന്നും തൃപ്തി ദേശായിയുമായി സംസാരിക്കാന്‍ അനുവദിക്കാന്‍ അവസരമൊരുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.