കുമാര്‍ഘട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ മാത്രമേ ത്രിപുരയില്‍ വികസനം സാധ്യാമാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ ത്രിപുരയില്‍ യാതൊരു വിധത്തിലുള്ള വികസനവും നടക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.വികസനമില്ലായ്മയും അഴിമതിയുമാണ് ത്രിപുരയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് സംസ്ഥാനത്തെ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന മാതൃകയ്ക്ക് മാത്രമേ ത്രിപുരയെ രക്ഷിക്കാന്‍ സാധിക്കൂ. 24 വര്‍ഷത്തെ ഇടതുഭരണത്തിന്‍ കീഴില്‍ എല്ലാ മേഖലയിലും ത്രിപുര പിന്നോക്കം പോയിരിക്കുകയാണെന്നും കുമാര്‍ഗട്ടില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്രഫണ്ടുകള്‍ പാഴാക്കുന്നതില്‍ മത്സരിക്കുന്ന ത്രിപുര സര്‍ക്കാര്‍ വകുപ്പുകള്‍ കാരണം വികസനത്തിന്റെ കാര്യത്തില്‍ വലിയ ശൂന്യമായി സംസ്ഥാനം മാറിയിരിക്കുന്നു. വികസനത്തിനായി നല്‍കുന്ന കേന്ദ്രഫണ്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേഡറുകള്‍ തിന്നു തീര്‍ത്തിരിക്കുകയാണ്, അമിത് ഷാ കുറ്റപ്പെടുത്തി.
ആദിവാസി സമൂഹങ്ങള്‍ വലിയ തോതില്‍ താമസിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ജലം, വൈദ്യുതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലയില്‍ അതാതു സര്‍ക്കാരുകള്‍ മാതൃകാപരമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാല്‍ ത്രിപുരയില്‍ ആദിവാസി വിഭാഗങ്ങളുടെ ജീവിതം അതിദയനീയമാണ്. ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനകരമായ 7-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും. ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ പ്രയോജനകരമായ പ്രഖ്യാപനമാണിത്.
തൊഴിലില്ലായ്മയ്ക്കും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനയ്ക്കും അഴിമതിക്കും കാരണം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ പരാജയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മൂലമാണ് 10,323 സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അവരുടെ ജോലി നഷ്ടമാകാന്‍ കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബിജെപിക്കൊപ്പമുള്ള ത്രിപുരയിലെ ജനങ്ങളുടെ പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കേണ്ട സമയമായെന്നും ദേശീയ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിസ്താരക് യോജനയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ അമിത് ഷായ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വലിയ പരിപാടികളും ബൂത്തുതല പരിപാടികളും ഭവന സന്ദര്‍ശനങ്ങളുമായി സംസ്ഥാനമാകെ ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്.