തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാ(4)നാണ് മരിച്ചത്. അപകടത്തിന് ശേഷം ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി.
കോവളം – മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപം അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കവയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചിടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് അമ്മയ്ക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചത്. കുട്ടിയെ ഉടൻ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്നു കരുതുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പരിശോധിക്കും. മൃതദേഹം മോർച്ചറിയിൽ.