സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: തന്നെ തകർക്കാൻ ചിലർ ആസൂത്രിതമായ ശ്രമിക്കുന്നതായി നടൻ ടൊവിനോ തോമസ്. തന്റെ കരിയർ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരെല്ലാമാണെന്ന് തനിക്ക് അറിയാമെന്നും ടൊവിനോ പറയുന്നു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കെതിരെ സോഷ്യൽമീഡിയയിലൂടെ ചിലർ ആസൂത്രിത നീക്കം നടത്തുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിപ്പെടുത്തുന്നില്ല. ഇനി മുതൽ ഫേസ്ബുക്കിൽ ആനുകാലിക വിഷയങ്ങളിൽ പ്രതികരണം നടത്താൻ ഉദ്ദേശിക്കുന്നില്ല.
താൻ പറയുന്ന കാര്യങ്ങൾ അതേ അർത്ഥത്തിൽ എടുക്കാൻ കഴിയാത്ത ഒരു ജനതയ്ക്ക് മുൻപിൽ പിന്നെ എന്തുപറഞ്ഞിട്ടും കാര്യമില്ല. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും പലരും തന്നെ തകർക്കാൻ ശ്രമിക്കുകയാണ്. ഒരു ദിവസം ഒരു ട്രോൾ പേജിൽ എന്നെപ്പറ്റി എട്ട് ട്രോളുകൾ വന്നു.
പൊതുജനങ്ങൾക്കിടയിൽ എന്റെ സ്വീകാര്യത ഇല്ലാതാക്കണമെന്ന് ആർക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു. അതേപോലെ തന്നെ എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടോവിനോ മോശമായി പെരുമാറി എന്ന് മഞ്ഞ നിറത്തിൽ തലക്കെട്ട് നൽകി ചിലർ വാർത്തായാക്കി. രാത്രികാലങ്ങളിൽ ചാറ്റ് ചെയ്യാനും ഫെയ്ക്ക് ഐഡിയിൽ വന്ന് ചൊറിയാനും വേണ്ടി മാത്രമാണ് പലരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങനെയാണ് പോസിറ്റീവായുള്ള കാര്യം ചെയ്യുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറയുന്നു.
മുൻപ് തന്നെ പിച്ചിയ ആരാധകനെതിരെ പൊട്ടിത്തെറിച്ച ടോവിനോയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന്റെ വിജയാഘോഷചടങ്ങിനിടെയായിരുന്നു സംഭവം. ആ സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും ആൾക്കൂട്ടത്തിനിടയിൽ തന്നെ ആർക്കും ഉപദ്രവിക്കാം എന്ന അവസ്ഥ ദയനീയവും ഏറെ ഭയാനകവുമാണെന്നും താരം പറഞ്ഞിരുന്നു.