സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് കേരളതീരം വിട്ടു പോകാൻ നിർദ്ദേശം നൽകും.
ട്രോളിങ്ങ് നിരോധനത്തിന്റെ ഭാഗമായി ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ ബങ്കുകൾ പൂട്ടാൻ നിർദ്ദേശം നൽകും.
കടൽ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാർഡ് കയ്യിൽ കരുതണം. ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളായ ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടി എടുക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകും.
ഇതുവരെ കളർ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകൾ നിരോധന കാലത്ത് കളർകോഡ് ചെയ്യണമെന്നും മന്ത്രി നിർദ്ദേശമുണ്ട്.