വാഷിംഗ്ടണ്‍: മുസ്ലീങ്ങളെ നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വിവാദ പ്രസ്താവന നടത്തിയ ട്രംപാണ് ഇപ്പോള്‍ അമേരിക്കന്‍ നിയുക്ത പ്രസിഡന്റ്. കടുത്ത ഇസ്ലാം വിരോധിയായ ട്രംപിന്റെ വിജയത്തിനു പിന്നാലെ അമേരിക്കയില്‍ കടുത്ത വംശീയത തലപൊക്കുന്നതായാണ് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോര്‍ജിയയിലെ ഡാകുളയിലുള്ള യുവതിയായ ഹൈസ്‌കൂള്‍ ടീച്ചര്‍ മയ്‌റാഹ് ടെലിക്ക് ലഭിച്ച ഊമക്കത്തും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന ഹെഡ്‌സ്‌കാര്‍ഫ് എടുത്ത് തൂങ്ങിച്ചാവാനും ട്രംപിന്റെ അമേരിക്കയില്‍ ഹിജാബ് ധരിക്കുന്നവര്‍ക്ക് ഇനി അധികകാലം സ്ഥാനമില്ലെന്നുമായിരുന്നു ഈ 24 കാരിക്ക് ഡാകുള ഹൈസ്‌കൂളിലെ ക്ലാസില്‍ നിന്നും ലഭിച്ച കത്തിലെ ഉള്ളടക്കം. ട്രംപ് അധികാരത്തില്‍ വന്നതോടെ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് തികഞ്ഞ ആശങ്കയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് നടത്തി വംശീയ വിദ്വേഷം നിറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമോയെന്നാണ് അവര്‍ ഭയപ്പെടുന്നത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു കത്ത് തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ടെലി പറയുന്നത്. രാജ്യത്ത് ഇനി വംശീയത വര്‍ധിക്കുമെന്നതിന്റെ സൂചനയാണിതെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഒരു ഹൈസ്‌കൂള്‍ ടീച്ചറായ തനിക്ക് ക്ലാസ്‌റൂമില്‍ വച്ച് തന്നെ ഇത്തരത്തിലുള്ള ഊമക്കത്ത് ലഭിച്ചതില്‍ ദുഃഖമേറെയുണ്ടെന്നും ടെലി പ്രതികരിക്കുന്നു. മുസ്ലീമെന്ന നിലയില്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഹെഡ്‌സ്‌കാര്‍ഫ് ധരിക്കുന്നതെന്നും ഇവിടുത്തെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്താനാണ് തനിക്കുണ്ടായ ദുരനുഭവം പങ്ക് വയ്ക്കുന്നതെന്നും ഈ ടീച്ചര്‍ വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ടെലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡൊണാള്‍ഡ്‌സ് അമേരിക്ക,ഹിയര്‍ ടു സ്റ്റേ എന്നീ ഹാഷ്ടാഗുകളും ഈ പോസ്റ്റിനൊപ്പം ടെലി ചേര്‍ത്തിരിക്കുന്നു.കാലിഫോര്‍ണിയ സ്വദേശിയയായ ടെലി ഡാകുള ഹൈസ്‌കൂളില്‍ ലാംഗ്വേജ് ആര്‍ട്‌സ് ടീച്ചറാണ്. കൈ കൊണ്ട് വരച്ച അമേരിക്കന്‍ പതാകയാല്‍ ഇല്ലുസ്‌ട്രേറ്റ് ചെയ്ത രീതിയിലാണ് കത്ത് ക്ലാസില്‍ കിടന്നിരുന്നത്. കറുത്ത കാപിറ്റല്‍ ലെറ്ററിലാണ് കത്തെഴുതിയിരിക്കുന്നത്.ആരാണ് കത്തെഴുതിയിരിക്കുന്നതെന്ന് തങ്ങള്‍ കണ്ടെത്തുമെന്നാണ് ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്ട് ദി അറ്റ്‌ലാന്റ് ജേര്‍ണല്‍ കോണ്‍സ്റ്റിറ്റിയൂഷനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ ജയം ബുധനാഴ്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വംശീയ വിദ്വേഷം തുളുമ്പുന്ന ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ രാജ്യമാകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കാലിഫോര്‍ണിയയിലെ റെഡിംഗില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലാറ്റിനോ വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പോര്‍ഷന്‍ ഫ്‌ലൈയേര്‍സ് വിതരണം ചെയ്തിരുന്നു. മിച്ചിഗനിലെ ഡെവിറ്റില്‍ മറ്റൊരു സ്‌കൂളില്‍ ഹിസ്പാനിക് സഹപാഠികള്‍ക്കെതിരെ മനുഷ്യമതില്‍ പണിഞ്ഞിരുന്നു.നവനാസി വെബ്‌സൈറ്റുകള്‍ ട്രംപിന്റെ വിജയം ആഘോഷമാക്കിയിട്ടുണ്ട്.
മുസ്ലീങ്ങള്‍ക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രചാരണ സമയത്ത് മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും കടുത്ത പ്രസ്താവനകള്‍ നടത്തിയിരുന്ന ട്രംപ് വിജയിച്ചതിന് ശേഷം ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. ട്രംപ് പ്രസിഡന്റായതില്‍ രാജ്യത്തുടനീളം കടുത്ത പ്രതിഷേധങ്ങളാണ് നടന്ന് വരുന്നത്. ഇതില്‍ പങ്കെടുത്ത 300ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.