വാഷിങ്ടണ്‍: ട്രംപിന്റെ മാധ്യമ വിരുദ്ധത തുടരുന്നു. വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ തുടങ്ങിയതാണ് മാധ്യമങ്ങളുമായുള്ള പ്രശ്‌നം. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത് ആകാംക്ഷയോടെയാണ് നയതന്ത്രജ്ഞര്‍ കാണുന്നത്.
എല്ലാ വര്‍ഷവും വസന്തകാലത്ത് നടത്താറുള്ള വിരുന്നില്‍ പ്രധാന അതിഥി പ്രസിഡന്റായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍, വിവിധ രംഗങ്ങളിലുള്ള സെലിബ്രിറ്റികള്‍ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന വിരുന്നിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും ഈ വിരുന്നില്‍ പങ്കെടുക്കാതിരുന്നിട്ടില്ല.
മുന്‍പ് റൊണാള്‍ഡ് റീഗന്‍, റിച്ചാര്‍ഡ് നിക്സണ്‍ എന്നീ പ്രസിഡന്റുമാര്‍ മാത്രമാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നിട്ടുള്ളത്. ട്രംപിന്റെ പുതിയ തീരുമാനം മാധ്യമങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, ബിബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെയെല്ലാം വൈറ്റ് ഹൗസ് റിപ്പോര്‍ട്ടിങ്ങില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരായി നടപടി സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.