അമേരിക്കൻ പ്രസിഡൻ്റെ ഡൊണൾഡ് ട്രംപ് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. പ്രസിഡൻ്റ് പദവിയിലെത്തിയിട്ടും അദ്ദേഹം ഒരു ബിസിനസുകാരൻ മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് ട്രംപിൻ്റെ പല തീരുമാനങ്ങളും. അത്തരത്തിൽ പുറത്തുവന്ന അവസേനത്തേതാണ് അനധികൃത കുടിയേറ്റക്കാരെ അകറ്റാനായി ട്രംപ് കണ്ടെത്തിയ മാർഗ്ഗം.
മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാന്‍ നിഷ്ഠൂര വഴികളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വൈദ്യുതി മതില്‍ തൊട്ട് പാമ്പും ചീങ്കണ്ണിയുമുള്ള കിടങ്ങുകള്‍ വരെ നിര്‍മ്മിക്കണമെന്ന ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളുമായി ട്രംപ് പങ്കുവെച്ച ആശയം ന്യൂയോര്‍ക്ക് ടൈംസാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ തടയാന്‍ യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാര്‍ വേഗത്തില്‍ നീങ്ങാതിരിക്കാന്‍ വെടിവെയ്ക്കണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് നിയമപരമല്ലെന്ന എതിര്‍വാദം ഉയര്‍ന്നതോടെ അതിര്‍ത്തി കടക്കും മുമ്പെ കാലില്‍വെടി വച്ച് വീഴ്ത്തണമെന്ന് ട്രംപ് നിര്‍ദേശിച്ചത്. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോപെയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്ജന്‍ നീല്‍സണ്‍ എന്നിവരടക്കം പങ്കെടുത്ത യോഗത്തില്‍ കുടിയേറ്റ വിഷയത്തില്‍ ഇരുവരുടെയും മെല്ലപ്പോക്കില്‍ ട്രംപ് ക്ഷുഭിതനായി.
കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച മതില്‍ തീര്‍ക്കണമെന്നും, അതില്‍ മനുഷ്യ മാംസത്തില്‍ തറച്ചു കയറുന്ന കൂര്‍ത്ത വസ്തുക്കള്‍ പതിക്കണമെന്നും ട്രംപിന്റെ നിര്‍ദേശത്തിലുണ്ട്. ദക്ഷിണാതിര്‍ത്തിയില്‍ കിടങ്ങു നിര്‍മ്മിച്ച് അതില്‍ വെള്ളം നിര്‍മ്മിച്ച് പാമ്പിനേയും ചീങ്കണ്ണികളെയെയും വളര്‍ത്തണം. മെക്‌സിക്കോയുമായുള്ള രണ്ടായിരം മൈല്‍ അതിര്‍ത്തി ഒറ്റ ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നും ട്രംപ് നിര്‍ദേശം വച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഒക്‌ടോബര്‍ എട്ടിന് പുറത്തിറങ്ങുന്ന ‘ബോര്‍ഡര്‍ വാര്‍സ്: ഇന്‍സൈഡ് ട്രംപ്‌സ് അസോള്‍ട്ട് ഓണ്‍ ഇമിഗ്രേഷന്‍’ എന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തകരായ മൈക്കല്‍ ഷിയര്‍, ജൂലി ഡേവിഡ് എന്നിവരാണ് രചയിതാക്കള്‍. എന്നാല്‍ ഇതൊക്കെ മാധ്യമ സൃഷ്ടിയാണെന്ന് ട്രംപ് പ്രതികരിച്ചു. അതിര്‍ത്തി സുരക്ഷയില്‍ താന്‍ കര്‍ക്കശക്കാരനാണെന്നും, എന്നാല്‍ ഇതൊക്കെ വ്യാജ വാര്‍ത്തകളാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.