ട്രംപ് പ്രതിശ്രുത വരന്‍; വൈറ്റ് ഹൗസ് സ്വന്തം വീട്; വിചിത്രവാദവുമായി ടെന്നസി സ്വദേശിനി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രതിശ്രുത വരനാണെന്ന വിചിത്ര വാദവുമായി ടെന്നസി സ്വദേശിനി. വൈറ്റ്ഹൗസിന്റെ ബാരിക്കേഡിലേക്ക് കാർ ഒാടിച്ചുകയറ്റിയതിനെത്തുടർന്ന് അറസ്റ്റിലായ ജസീക്ക ഫോർഡ് എന്ന യുവതിയാണ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്. വൈറ്റ് ഹൗസ് തന്റെ  വീടാണെന്നും തന്റെ കുട്ടികളെ കണ്ടിട്ട് എട്ടു വർഷമായെന്നും അവരെ തിരിച്ചുവേണമെന്നും അവർ  വാദിച്ചു. ഉണ്ടയില്ലാത്ത കൈത്തോക്കുമായെത്തിയ ജസീക്കയെ ഏറെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അനധികൃതമായി വൈറ്റ് ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്. ജസീക്ക മാനോവിഭ്രാന്തിക്ക് ചികിത്സ നേടുന്നുണ്ടെന്ന് രേഖകൾ തെളിയിച്ചു. മുമ്പ് വൈറ്റ് ഹൗസ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ ജസീക്കക്ക് തടവുശിക്ഷ വിധിച്ചുവെങ്കിലും ഒരു വർഷത്തെ നിരീക്ഷണത്തിനായി മാറ്റുകയായിരുന്നു. അടുത്ത തവണ വാദം കേൾക്കുന്നതുവരെ ഫോഡിനെ ജയിലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

Top