സ്വന്തം ലേഖകൻ
സിംഗപ്പൂർ: ലോകത്തിന്റെ സമാധാനം ലക്ഷ്യമിട്ട് സിംഗപ്പൂരിലെ സാന്റോസാ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ കിമ്മും, ട്രമ്പും ചർച്ച നടത്തുമ്പോൾ ഉയർന്നു നിൽക്കുന്നത് ട്രമ്പിന്റെ വ്യവസായ വാണിജ്യ താല്പര്യങ്ങൾ. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും വ്യവസായ ശൃംഖലയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് 3.5 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ സമ്പാദ്യമുള്ള വൻ വ്യവസായി കൂടിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ കോടീശ്വരനായ പ്രസിഡന്റ് കൂടിയാണ് ട്രമ്പ്.
മറ്റു അമേരിക്കൻ പ്രസിഡന്റുമാരും, അമേരിക്കയെന്ന രാജ്യവും ആയുധക്കച്ചവടത്തിലൂടെ വൻ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. അമേരിക്കയെന്ന രാജ്യം ആശ്രയിക്കുന്ന ആയുധക്കച്ചവടത്തെ കാര്യമായി ആശ്രയിക്കാത്ത ട്രമ്പ്, അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരുന്ന് സ്വന്തം വാണിജ്യ താല്പര്യങ്ങൾ സംരക്ഷിക്കാനും, വ്യവസായ ശൃംഖല വിപുലപ്പെടുത്താനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.
അമേരിക്കൻ ഉപരോധത്തിൽ പോലും സ്വന്തം നിലയിൽ അണ്വായുധം ഉണ്ടാക്കുകയും, ടൂറിസം അടക്കമുള്ള മേഖലകളിൽ വൻ കുതിച്ചു ചാട്ടം നടത്തുകയും ചെയ്ത ഉത്തരകൊറിയയിൽ വൻ വ്യവസായ ശൃംഖല കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുള്ളത്. ടൂറിസം വ്യവസായ രംഗത്ത് ശക്തമായ സാന്നിധ്യമാണ് അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കമ്പനികൾ. മാധ്യമ – ടൂറിസം മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് ട്രമ്പ് ലക്ഷ്യമിടുന്നതും.
മുൻ അമേരിക്കൻ പ്രസിഡന്റുമാർ അമേരിക്കയുടെ സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യമിട്ടാണ് യുദ്ധങ്ങൾക്കു മുന്നിട്ടിറങ്ങിയത്. യുദ്ധത്തിലൂടെയുണ്ടാകുന്ന ആയുധകച്ചവടമായിരുന്നു ഈ പ്രസിഡൻരുമാരുടെയെല്ലാം ലക്ഷ്യവും. എന്നാൽ, ട്രമ്പ് എത്തിയതോടെ കച്ചവടത്തിന്റെ നീതി ശാസ്ത്രം തന്നെ മാറുകയായിരുന്നു. അമേരിക്കയുടെ യുദ്ധതന്ത്രങ്ങളായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ ഭരിച്ചിരുന്നത്. എന്നാൽ, ഈ യുദ്ധ തന്ത്രത്തിനെല്ലാം മുകളിൽ കൃത്യമായ രാഷ്ട്രീയവും കൃത്യമായ വാണിജ്യ താല്പര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, അമേരിക്കയിൽ ട്രമ്പ് അധികാരമേറ്റതോടെ അദ്ദേഹത്തിന്റെ താല്പര്യങ്ങളെല്ലാം അമേരിക്കയ്‌ക്കൊപ്പം തന്റെ ബിസിനസ് സാമ്രാജ്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി. അമേരിക്കൻ പ്രസിഡന്റ് നയതന്ത്ര അടുപ്പം സൂക്ഷിക്കുന്ന രാജ്യങ്ങളിലെല്ലാം തന്നെ ട്രമ്പിന് സ്വന്തം നിലയിൽ വാണിജ്യ സമ്പത്തുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തുന്ന അമേരിക്കൻ പ്രസിഡന്റിനു ടൂറിസം മേഖലയിൽ നിരവധി ഹോട്ടൽ ശൃംഖലകൾ നിലവിലുണ്ട്.
ഇതു തന്നെയാണ് ഇപ്പോൾ കൊറിയയുമായി സമാധാനത്തിന്റെ വാതിൽ തുറന്നിടാൻ ട്രമ്പിനെ പ്രേരിപ്പിക്കുന്നതും. കോടികൾ മുടക്കി യുദ്ധത്തിലൂടെ രാജ്യത്തെ കീഴടക്കുന്ന പരമ്പരാഗത അമേരിക്കൻ തന്ത്രത്തിനു പകരം പുതിയ വാണിജ്യ നയങ്ങളാണ് ട്രമ്പിന്റെ അമേരിക്കയെ നയിക്കുന്നതെന്നു വ്യക്തം.