സ്വന്തം ലേഖകൻ
ഫ്‌ളോറിഡ: അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രമ്പിനൊപ്പം മത്സരിച്ച മറ്റൊരാളുണ്ടായിരുന്നു – കഞ്ചാവ്. അമേരിക്കയിലെ ലഹരിമരുന്നുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മരിജുവാന നിയമവിധേയമാക്കണമെന്ന നിർദേശവും ട്രമ്പിനൊപ്പം വോട്ടെടുപ്പിനിട്ടിരുന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിനോടൊപ്പം കഞ്ചാവ് നിയമ വിധേയമാക്കണോ എന്ന തെരഞ്ഞെടുപ്പും അമേരിക്കയിൽ നടന്നിരുന്നു.
അമേരിക്കയിലെ എല്ലാ കാലത്തെയും ചർച്ചാ വിഷയമായ കഞ്ചാവടക്കമുള്ള മയക്കുമരുന്നിൻറെ ഉപയോഗം, തോക്ക് നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് ജനം വോട്ട് രേഖപ്പെടുത്തിയത്.
കാലിഫോർണിയ, അരിസോണ, മസാച്ചുസെറ്റ്‌സ്,നെവേഡ എന്നീ സംസ്ഥാനങ്ങൾ മരിജുവാന എന്ന കഞ്ചാവിനെ നിയമ വിധേയമാക്കുന്നതിന് അനൂകൂലമായി വോട്ട് രേഖപ്പെടുത്തി. എന്നാൽ ഫ്‌ളോറിഡയും അർക്കാൻസാസും മരുന്നായി കഞ്ചാവ് ഉപയോഗിക്കാനാണ് വോട്ട് നൽകിയത്.