ആരോപണങ്ങൾക്കിടെ പുടിനും ട്രംപും ആദ്യമായി നേരിട്ടു ചർച്ച നടത്തി; ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതണം

ഹാംബുർഗ്: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തി. ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. പരസ്പര ബന്ധത്തിന്‍റെ പേരില്‍ ഏറെ പഴി കേട്ട നേതാക്കള്‍ ആദ്യമായി ഹസ്തദാനം ചെയ്തു. ട്രംപിനെ പ്രസിഡന്‍റാക്കാന്‍ പുടിനും റഷ്യയും ഇടപെട്ടു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളും മുഖാമുഖമെത്തിയത്.

വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങൾക്കിടയിൽ ചര്‍ച്ചകള്‍ തുടരുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മുൻപ് ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്ലാഡിമിര്‍ പുടിനും പ്രതികരിച്ചു‍. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്‍റും ദക്ഷിണകൊറിയന്‍ പ്രസിഡന്‍റും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. എടുത്തുചാടിയല്ല അവധാനതയോടെ വേണം പ്രശ്നം കൈകാര്യം ചെയ്യാനെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. മെക്സിക്കോയുമായുള്ള അഭിപ്രായ ഭിന്നതകള്‍ തീര്‍ക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.കാലാവസ്ഥവ്യതിയാനം, സ്വതന്ത്ര വ്യാപാര കരാറുകള്‍ തുടങ്ങി സുപ്രധാന വിഷയങ്ങള്‍ വരും മണിക്കൂറുകളില്‍ ചര്‍ച്ചയാവും.modi-in-g20

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഭീകരവാദത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്നും ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ജി 20 രാജ്യങ്ങള്‍ കൂട്ടായി നടപടി സ്വീകരിക്കണമെന്നും മോദി പറഞ്ഞു.ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷ്-ഇ മുഹമ്മദ്, ഐഎസ്, അല്‍ക്വയ്ദ എന്നീ സംഘടനകളുടെ പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവരുടെ ലക്ഷ്യം ഒരുപോലെയാണെന്നും മോദി പറഞ്ഞു. അവര്‍ വിദ്വേഷത്തിന്റെ ആശയങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ വിവരങ്ങള്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതുള്‍പ്പെടെ 11 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അജണ്ട മോദി അവതരിപ്പിച്ചു.

ജി 20 ഉച്ചകോടിക്കായി ജർമനിയിലെ ഹാംബുർഗിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു . അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ചിൻപിങ്ങും കൂടിക്കണ്ടത്. ഇരുവരും ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‍ലെ ട്വീറ്റ് ചെയ്തു.പത്തുമിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും പരസ്പരം പുകഴ്ത്തുകയും ചെയ്തു. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിലും മോദിയും ഷി ചിൻപിംഗും പങ്കെടുക്കുന്നുണ്ട്.

സിക്കിം അതർത്തിയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ മോദിയുമായി ഷി ചിൻപിംഗ് കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന അറിയിച്ചിരുന്നു. ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കു ചൈന അനുവാദം ചോദിച്ചിരുന്നില്ലെന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങൾക്കുമിടിയിലുള്ള ഉഭയകക്ഷി ചർച്ചകൾ വഴിമുട്ടിനിൽക്കുന്നതിനിടെയാണ് മഞ്ഞുരുക്കി മോദിയും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയത്.

Top