ശാലിനി (സ്‌പെഷ്യൽ ഹെറാൾഡ് )
വാഷിങ്ങ്ടന്‍ : ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദം അലങ്കരിക്കാന്‍ തുടങ്ങിയിട്ട് ഇന്നലെ ഒരു വര്ഷം പൂര്‍ത്തിയായി. ഭരണത്തില്‍ ഇരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയിരുത്തലുമായി എന്‍ ബി സി / വാള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേ പുറത്തു വിട്ടു. അഭിപ്രായ സര്‍വെയില്‍ വെറും 39 ശതമാനം പിന്തുണ മാത്രമാണ് ട്രംപിനു ലഭിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയ അസഭ്യ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 13 നും 17 നുമാണ് സര്‍വേ നടത്തിയത്. 57 ശതമാനം പേരും ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി. പാക്കിസ്ഥാന്‍, ഉത്തര കൊറിയ, പാലസ്തീന്‍ ഇസ്രയേല്‍ പ്രശ്നങ്ങളും അഭയാര്‍ഥികളോടുള്ള സമീപനങ്ങളും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും എല്ലാം ട്രംപിനെ പിന്നോട്ടടിച്ചു. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ന്യായികരിച്ചു താന്‍ ഒരു ജീനിയസ് ആണെന്ന് പരസ്യമാക്കിയതും ട്രംപിന്റെ ജനപ്രീതി കുറയാനിടയാക്കി. ഒരു വര്ഷം കൊണ്ട് പാക്കിസ്ഥാന്‍ അടക്കം സഖ്യകക്ഷികള്‍ ആയിരുന്ന പല രാജ്യങ്ങളെയും പിണക്കി എന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇന്ത്യ അമേരിക്കയുമായി നല്ല അടുപ്പം നില നിര്‍ത്തുന്നത് ശുഭസൂചകമായി അഭിപ്രായപ്പെട്ടവരും ഉണ്ട്.