വാഷിംഗ്ടണ്‍: ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് അമേരിക്കയെന്നും, ആയതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭയവും ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സത്യപ്രതിജ്ഞക്ക് ശേഷം 15 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ ബൈബിളില്‍ നിന്നുള്ള വാക്യങ്ങളും, സത്യദൈവത്തിലുള്ള തന്റെ വിശ്വാസവും പലവട്ടം ട്രംപ് ഉറക്കെ പ്രഖ്യാപിച്ചു. പലകുറി ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ച് വായിക്കപ്പെട്ട സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നലെ കാപ്പിറ്റോളില്‍ നടന്നത്.
“ഭയത്തിന്റെ ആവശ്യമില്ല. നമ്മള്‍ സംരക്ഷിതരാണ്. നമ്മള്‍ എല്ലായ്‌പ്പോഴും സംരക്ഷിതരുമായിരിക്കും. അമേരിക്കന്‍ സൈന്യത്തിലെ ധീരരായ പുരുഷന്‍മാരും, സ്ത്രീകളും നമ്മളെ സംരക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ നിയമവും, ന്യായാധിപന്‍മാരും നമ്മേ സംരക്ഷിക്കുന്നു. ഇതിലെല്ലാം ഉപരിയായി ദൈവം നമ്മേ സംരക്ഷിക്കുന്നു. ദൈവത്തിന്റെ ജനം ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭകരമാണെന്ന് ബൈബിള്‍ നമ്മോട് പറയുന്നു. തുറന്ന മനസോടെ നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. വിയോജിപ്പുകളോ, എതിര്‍പ്പുകളോ ഉണ്ടെങ്കില്‍ അതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്താം. അമേരിക്കന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ നമ്മേ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍ക്കും സാധിക്കില്ല”. ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അമേരിക്കന്‍ ജനതയ്ക്ക് ദൈവം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചും അതിനെ അനുഭവിക്കുവാന്‍ ജനതയ്ക്കുള്ള അവകാശത്തെ കുറിച്ചും ട്രംപ് പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. ‘നാം ഓരോരുത്തരും അനുഭവിക്കുന്നത് മഹത്തായ ഒരേ സ്വാതന്ത്ര്യം തന്നെയാണ്. നാം എല്ലാവരും സല്യൂട്ട് ചെയ്യുന്നത് മഹത്തായ അമേരിക്കന്‍ പതാകയെ ആണ്. ഡ്യുട്രോയിറ്റിലെ നഗരത്തിലും, നെബ്‌റാസ്‌കയിലും രാത്രി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ കാണുന്നത് ഒരേ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്. അവരുടെ സൃഷ്ടിദാതാവായ ദൈവം നല്‍കിയ ഒരേ ജീവവായുവാണ് അവര്‍ ശ്വസിക്കുന്നത്’. ട്രംപ് വീണ്ടും സര്‍വ്വശക്തനായ ദൈവത്തെ പ്രസംഗത്തില്‍ ഓര്‍ത്തു.
ഇസ്ലാമിക തീവ്രവാദത്തെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുമെന്ന ശ്രദ്ധേയമായ പ്രഖ്യാപനവും ട്രംപിന്റെ പ്രസംഗത്തില്‍ ഉണ്ടായി. ഇപ്പോള്‍ അമേരിക്ക സൗഹൃദം പങ്കിടുന്ന രാജ്യങ്ങളോടുള്ള നില തുടരുമെന്നും, പുതിയ സുഹൃത്തുക്കളെ തങ്ങള്‍ തേടുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതയ്ക്ക് ജോലിയും, ജീവിക്കുവാനുള്ള മെച്ചപ്പെട്ട സാഹചര്യങ്ങളും എത്തിച്ചു നല്‍കുക എന്നതിനാണു താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ട്രംപം പ്രസംഗത്തില്‍ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സെന്റ് ജോണ്‍ എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തിലേക്ക് കുടുംബാംഗങ്ങളോടൊപ്പം എത്തി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും ട്രംപ് ശ്രദ്ധിച്ചിരുന്നു. മുമ്പുള്ള നിരവധി പ്രസിഡന്റുമാരും വൈറ്റ് ഹൗസിന് സമീപമുള്ള സെന്റ് ജോണ്‍ എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തിലേക്ക് എത്തി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് കാപ്പിറ്റോളിലേക്ക് സത്യപ്രതിജ്ഞയ്ക്കായി പോയിരുന്നത്.
ന്യൂയോര്‍ക്ക് കര്‍ദിനാളായ തിമോത്തി എം. ഡോളന്‍ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ബൈബിളില്‍ നിന്നും ദൈവവചനം വായിച്ചു. ജ്ഞാനത്തിന്റെ പുസ്‌കത്തില്‍ നിന്നുമുള്ള ഭാഗമാണ് കര്‍ദിനാള്‍ തിമോത്തി തന്റെ വായനയ്ക്കായി തെരഞ്ഞെടുത്തത്. കര്‍ദിനാളിനു ശേഷം, വിവിധ ക്രൈസ്തവ സഭകളിലെ നേതാക്കന്‍മാരും ബൈബിള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. യുഎസ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റീസായ ജോണ്‍ റോബര്‍ട്ട്‌സാണ് ട്രംപിന് സത്യവാചകം ചൊല്ലികൊടുത്തത്. സുപ്രീം കോടതി ജസ്റ്റീസ് ക്ലറീന്‍ തോമസ് ആണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് സത്യവാചകം ചൊല്ലികൊടുത്തത്.