കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. എംജി സര്‍വ്വകലാശാലയിലാണ് സംഭവം നടന്നത്. പെട്രോളൊഴിച്ചാണ് യുവാവ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. പിന്നാലെ യുവാവ് ആത്മഹത്യാശ്രമവും നടത്തി. ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടിയും യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്.
എസ്.എം.ഇ കോളേജിലെ നാലാം സെമന്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. ഇതേ കോളേജില്‍ നിന്ന് 2013ല്‍ പഠനം പൂര്‍ത്തിയാക്കിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇന്ന് ക്യാംപസില്‍ സമരമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ക്യാംപസിലെത്തിയ യുവാവ് ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ ക്ലാസിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ആദ്യം സ്വയം ശരീരത്തിലൊഴിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്തിലൊഴിക്കുകയും ചെയ്തു. സഹപാഠികളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി ക്ലാസില്‍ നിന്നിറങ്ങിയോടി പിന്നാലെ ഓടിയ യുവാവ് ലൈബ്രറിയുടെ സമീപത്ത് വെച്ച് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ശരീരത്തിലും പിന്നീട് സ്വന്തം ശരീരത്തിലും തീ കൊളുത്തി. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തീപൊള്ളലേറ്റു.