രാഷ്ട്രീയ ലേഖകൻ
തിരുവല്ല: ഇടതു മുന്നണിയിൽ ചേരാനുള്ള പി.സി ജോർജിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു പി.സി ജോർജിനെ കേരള കോൺഗ്രസ് സെക്യുലറിൽ നിന്നു പുറത്താക്കിയ ടി.എസ് ജോൺ ബിജെപി സഖ്യത്തിലേയ്ക്ക്. ബിജെപി സഖ്യത്തിന്റെ സ്ഥാനാർഥിയായി തിരുവല്ലയിൽ മത്സരിക്കുന്നതിനാണ് ഇപ്പോൾ ടി.എസ് ജോൺ തയ്യാറെടുക്കുന്നത്. കത്തോലിക്കാ സഭയ്ക്കും, ക്ലാനായ സഭയ്ക്കും തുല്യമായ പ്രധാന്യമുള്ള സീറ്റിൽ ബിജെപി സഖ്യ സ്ഥാനാർഥിയായി ഒരു കേരള കോൺഗ്രസുകാരൻ മത്സരിച്ചാൽ ഇത് കൂടുതൽ ശക്തമായ മത്സരത്തിനും ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
കഴിഞ്ഞ തവണ കേരള കോൺഗ്രസിൽ ഏറ്റവും രൂക്ഷമായ തർക്കത്തിനു ഇടയാക്കിയ മണ്ഡലമായിരുന്നു തിരുവല്ല. വിക്ടർ ടി. തോമസും, ജോസഫ് എം.പുതുശേരിയും ഇവിടെ സ്ഥാനാർഥിയാകാൻ മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നു. രണ്ടു പേരും കേരള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ അവസാന നിമിഷം വരെ സജീവമായി ഉണ്ടായിരുന്നവരായിരുന്നു താനും. ഒടുവിൽ പാർട്ടി ചെയർമാൻ കെ.എം മാണി സീറ്റ് നൽകിയത് വിക്ടർ ടി.തോമസിനായിരുന്നു. എന്നാൽ, പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ജനതാദൾ യുണൈറ്റഡിലെ മാത്യു ടി.തോമസിനോടു പരാജയപ്പെടാനായിരുന്നു വിക്ടർ ടി.തോമസിനു യോഗം. 52522 വോട്ട് വിക്ടർ ടി.തോമസ് നേടിയപ്പോൾ, 63289 വോട്ടാണ് മാത്യു ടി നേടിയത്.
ബിജെപി പതിനായിരത്തിലധികം വോട്ടും ഇവിടെ നേടിയിരുന്നു. കത്തോലിക്കകാരനും കേരള കോൺഗ്രസുകാരനുമായ ടി.എസ് ജോൺ മത്സരിച്ചാൽ ഇവിടെ ശക്തമായ മത്സരം കാഴ്ച വയ്ക്കാമെന്നും, കേരള കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാമെന്നും ബിജെപി കണക്കു കൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി.എസ് ജോണിനെ തന്നെ തിരുവല്ലയിൽ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ റാന്നി സീറ്റും ഏറ്റുമാനൂർ സീറ്റും പരസ്പരം വച്ചുമാറാൻ കേരള കോൺഗ്രസും കോൺഗ്രസും തമ്മിൽ ധാരണയായതായും സൂചന ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട തോമസ് ചാഴികാടനെ റാന്നിയിലേയ്ക്കു മാറ്റി പകരം ഏറ്റുമാനൂർ കോൺഗ്രസിനു നൽകാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരഞ്ഞെടുപ്പിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസിനെ കോൺഗ്രസ് വാരിതോൽപ്പിച്ചതാണ് ഇപ്പോൾ മാറി ചിന്തിക്കാൻ രണ്ടു കക്ഷികളെയും പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.