
ന്യൂദൽഹി :പാകിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കയുടെ ഇന്റലിജൻസ് മേധാവിയും നാഷണൽ ഇന്റലിജൻസ് (ഡിഎൻഐ) ഡയറക്ടറുമായ തുളസി ഗബ്ബാർഡ്. ഇന്ത്യയിൽ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങളെ മതമൗലികവാദികളുടെ ഭീകരതയായി അവർ വിശേഷിപ്പിക്കുകയും അതിനെ വേരോടെ പിഴുതെറിയേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. ന്യൂദൽഹിയിൽ ഈ മാസം 17 മുതൽ 19 വരെ നടക്കുന്ന റെയ്‌സിന ഡയലോഗിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അവർ പാകിസ്ഥാനെതിരെ തുറന്നടിച്ചത്.
റെയ്‌സിന ഡയലോഗിലെ തന്റെ പ്രസംഗത്തിൽ അവർ പാകിസ്ഥാനെക്കുറിച്ച് പരാമർശിക്കുകയും തീവ്രവാദം പ്രചരിപ്പിക്കുന്നതിന് കുറ്റപ്പെടുത്തുകയും ചെയ്തു. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഇസ്ലാമിക ഭീകരതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച തുളസി ഈ ഇസ്ലാമിക ഭീകരത ഇന്ത്യയ്‌ക്ക് മാത്രമല്ല അമേരിക്കയ്‌ക്കും ബംഗ്ലാദേശിനും മിഡിൽ ഈസ്റ്റിലെ നിരവധി രാജ്യങ്ങൾക്കും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് പറഞ്ഞു.
ഇസ്ലാമിക ഭീകരത ഒരു പ്രാദേശിക വെല്ലുവിളിയല്ല, മറിച്ച് പാകിസ്ഥാന്റെ അതിർത്തികൾക്കപ്പുറത്തുള്ള നിരവധി രാജ്യങ്ങളെ ബാധിക്കുന്ന ഒരു ആഗോള പ്രശ്നമാണെന്ന് ഗബ്ബാർഡ് വ്യക്തമാക്കി. ഇന്ത്യയിൽ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങളെ മതമൗലികവാദികളുടെ ഭീകരതയായി അവർ വിശേഷിപ്പിക്കുകയും അതിനെ വേരോടെ പിഴുതെറിയേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാൻ ഭീകരത കയറ്റുമതി ചെയ്യുകയാണെന്നും ഇത് ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഈ ഭീഷണി അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മോദിയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ ശരിവച്ചുകൊണ്ട് തുളസി ഗബ്ബാർഡ് പറഞ്ഞു.
അതേ സമയം ഭീകരതയ്‌ക്കെതിരെ യോജിച്ച പോരാട്ടം സാധ്യമാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും പോലുള്ള രാജ്യങ്ങൾ ഈ പ്രശ്നത്തിന്റെ മൂലകാരണം തിരിച്ചറിയുകയും ഒരുമിച്ച് ഈ ഭീഷണിയെ നേരിടാനും തുടങ്ങിയിട്ടുണ്ട്.
ന്യൂദൽഹിയിൽ നടക്കുന്ന റെയ്‌സിന ഡയലോഗിൽ ഏകദേശം 120 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരിപാടിയാണ് റെയ്‌സീന ഡയലോഗ്.