പള്ളിവാസല്‍ പദ്ധതിയിലെ തുരങ്കത്തിലേയക്ക് ജീപ്പ് ഓടിച്ചുകയറ്റിയ യുവാക്കള്‍ക്ക് സംഭവിച്ചത്; ഫയര്‍ഫോഴ്‌സും പൊലീസും  അഞ്ച് മണിക്കൂര്‍ പ്രയത്‌നിച്ചു

മൂന്നാര്‍: പള്ളിവാസല്‍ വൈദ്യുതി പദ്ധതിയുടെ വിപുലീകരണത്തിനായി നിര്‍മ്മിക്കുന്ന തുരങ്കത്തിലേയ്ക്ക് ജീപ്പ് ഓടിച്ച് കയറ്റിയ യുവാക്കള്‍ കുടുങ്ങി. തുരങ്കത്തിനുളളിലേയ്ക്ക് ജീപ്പ് ഓടിച്ചതിനാല്‍ അഞ്ച് മണിക്കൂര്‍ തുരങ്കത്തില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സും പൊലീസും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും എത്തി രാത്രി പത്ത് മണിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്.

ഞായറാഴ്ച രാത്രിയാണു സംഭവം. അടിമാലി സ്വദേശികളായ നാലു യുവാക്കളാണ് അതീവ സുരക്ഷാ മേഖലയായ ഇവിടെ തുരങ്കത്തിലേക്കു ജീപ്പ് ഓടിച്ചുപോയത്. ഈ സമയത്ത് ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെളിവെള്ളവും പാറക്കല്ലുകളും നിറഞ്ഞ തുരങ്കത്തിനുള്ളിലൂടെ സാഹസികമായി ഒരുകിലോമീറ്ററിലധികം ഇവര്‍ ജീപ്പോടിച്ചുപോയി. ഇതിനിടയിലാണു തുരങ്കത്തിന്റെ അങ്ങേയറ്റത്തു പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ തിരിച്ചുവന്നത്. ഇവരുടെ വാഹനത്തിന്റെ വെളിച്ചം കണ്ട് യുവാക്കള്‍ ജീപ്പു തിരിക്കാന്‍ ശ്രമിച്ചതോടെ ടയറുകള്‍ ചെളിയില്‍ പൂണ്ട് മുന്നോട്ടു നീങ്ങാനാവാത്ത നിലയായി.

ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ച് മൂന്നാര്‍ പൊലീസും ഫയര്‍ ഫോഴ്‌സും എത്തി, രാത്രി പത്തോടെ യുവാക്കളെ വൈദ്യുതി ബോര്‍ഡിന്റെ വാഹനത്തില്‍ പുറത്തെത്തിച്ചു. ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടാക്കിയ വാഹനം ഉപയോഗിച്ചു യുവാക്കളുടെ ജീപ്പ് കെട്ടി വലിച്ചു പുറത്തെത്തിച്ചു. ജീപ്പ് പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ യുവാക്കള്‍ക്കെതിരെ കേസെടുത്തില്ല.

സുരക്ഷ നോക്കാന്‍ ആരുമില്ല

കോടികള്‍ ചെലവിട്ടു നിര്‍മിക്കുന്ന പള്ളിവാസല്‍ വൈദ്യുതി വിപുലീകരണ പദ്ധതിയുടെ തുരങ്കം കടന്നുപോകുന്നത് അതീവ സുരക്ഷാ മേഖലയിലൂടെ ആണെങ്കിലും ഒരു സുരക്ഷാ ജീവനക്കാരന്‍ പോലും ഈഭാഗത്തെങ്ങുമില്ല. ഒന്നര കിലോമീറ്ററോളമാണു തുരങ്കനിര്‍മാണം പൂര്‍ത്തിയായത്.

കരാറെടുത്ത കമ്പനിയും വൈദ്യുതി ബോര്‍ഡും തമ്മില്‍ തര്‍ക്കമുണ്ടായി മൂന്നു വര്‍ഷമായി പണിനിലച്ചു കിടക്കുകയാണ്. സുരക്ഷാജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരെയും കാണാനില്ല. ജീവനക്കാര്‍ക്കായി ഇവിടെയുണ്ടായിരുന്ന ഷെഡ് പൊളിച്ചുനീക്കിയ നിലയിലാണ്.

Top