സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ഇടപെടലുമായി ആർഎസ്എസ്. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇടപെടലുകളിൽ ഏറ്റവും നിർണ്ണായകം തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വമാണ്. മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വം ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. തൃശൂരിൽ കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നും ആർഎസ്എസ് നേതൃത്വം നിർദേശിക്കുന്നുണ്ട്.
കുമ്മനത്തെ തിരിച്ചയക്കണമെന്ന് ആർഎസ്എസ് കേന്ദ്ര നേതൃത്വവും സംസ്ഥാന ബി.ജെ.പി നേതൃത്വവും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണിത്. ആർഎസ്എസ് നടത്തിയ സർവേയിലും കുമ്മനത്തിനായിരുന്നു സാധ്യത കൂടുതൽ. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി വി രാംലാൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയിരുന്നു. രാംലാലും ആർ.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചർച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ കുമ്മനത്തെ കേരളത്തിലെത്തിക്കാനുള്ള ആവശ്യം ഉന്നയിച്ചത്. ബുധനാഴ്ച ബി.ജെ.പി. സംസ്ഥാന കോർ സമിതി യോഗവും ചേർന്നിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബി.ജെ.പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മോഹൻലാൽ, സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം പല പേരുകൾ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടക്കമാണ്. മോഹൻലാൽ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആർ.എസ്.എസ്. നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും കുമ്മനം വന്നാൽ അനന്തപുരി പിടിക്കാമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചത്.
എല്ലാ മത വിഭാഗങ്ങളിൽ നിന്നുമുള്ള വോട്ട് ലക്ഷ്യം വെച്ച് സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരെ ജനകീയ മുന്നണിയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്. ശബരിമല വിവാദം ശക്തമായി നിലനിൽക്കുന്നതും, പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ. സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവർണ്ണറാക്കിയത്.