അമൃതാനന്ദമയീ മഠത്തിലെ അന്തേവാസിയായ അമേരിക്കൻ പൗരനെ മർദ്ദനമേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയോ സപ്പോട്ടോ എന്ന യുവാവിനെയാണ് ഗുരുതരമായ പരിക്കുകളോടെ കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കുകൾ ഗുരുതരമായതിനാൽ ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട്. അമൃതാനന്ദമയീ മഠത്തിന്റെ ആംബുലൻസിൽ പോലീസിനൊപ്പമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ പൗരനെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോർട്ട്. വലതു കണ്ണിന് മുകളിലും, നട്ടെല്ലിനും വയറിനും കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയിലെത്തിച്ചത് മുതൽ ഇയാൾ അർദ്ധബോധാവസ്ഥയിലാണ്. അതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായിട്ടില്ല. മരിയോയുടെ കൈകളിൽ കയർ കൊണ്ട് കൂട്ടിക്കെട്ടിയതിന്റെ പാടുകളുണ്ടെന്നും, കൂടുതൽ പരിശോധനകൾ തിങ്കളാഴ്ച നടക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. 2012ൽ അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി സത്നാം സിങ് മർദ്ദനമേറ്റ് മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെ അമൃതാനന്ദമയീ മഠത്തിനെതിരെ നിരവധി ആരോപണങ്ങളുയർന്നു. എന്നാൽ സത്നാം സിങിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണങ്ങളുണ്ടായില്ല.