കുരങ്ങുകളോടൊപ്പം വളര്‍ന്ന മൗഗ്ലി പെണ്‍കുട്ടി മനുഷ്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു; മകളാണെന്ന അവകാശവാദവുമായി ദമ്പതികള്‍ രംഗത്ത്

ലക്‌നൗ: വന്യജീവി സങ്കേതത്തില്‍ വളര്‍ന്നുവെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയുടെ മേല്‍ അവകാശമുര്‍ത്തി ദമ്പതികള്‍ രംഗത്ത്. കട്ടരിയാഘട്ട് വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് കുരങ്ങുകളോടൊപ്പം ഇടപഴകി ജീവിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ കുരങ്ങുകളുടെ ശാരീരിക ചേഷ്ടകള്‍ കാണിക്കുകയും കുരങ്ങുകളുടേതിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ മനുഷ്യജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരും സാമൂഹികപ്രവര്‍ത്തകരും.

ഈ വാര്‍ത്ത ഏറെ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ രംഗത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ മേഖലയില്‍ നിന്നുള്ള റംസാന്‍ അലി ഷായും ഭാര്യ നാസ്മയുമാണ് മൗഗ്ലി പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന് അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കുട്ടിയെ നഷ്ടപ്പെട്ടതത്രേ. ഷോപ്പിംഗിനിടെ കാണാതായ കുട്ടിയെ കുറിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫലം ഒന്നും കണ്ടില്ല. മൗഗ്ലി പെണ്‍കുട്ടിയുടെ ചിത്രം പത്രങ്ങളില്‍ കണ്ടതോടെ ഇവര്‍ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. അലിസയെന്നാണ് കുട്ടിയുടെ പേരെന്നും പറയുന്നു. കുട്ടിയുടെ മതാപിതാക്കളെന്ന് തെളിയിക്കാന്‍ ഇവര്‍ ഡിഎന്‍എ പരിശോധനയ്ക്കും തയ്യാറെടുക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃഗസമാനമായ ജീവിതമായിരുന്നു പെണ്‍കുട്ടിയുടേത്. കാട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവളുടെ മുടി പിന്നിയിട്ടിരുന്നു. മാത്രമല്ല കുട്ടി അടിവസ്ത്രവും ധരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പെണ്‍കുട്ടി അധിക സമയവും നാല് കാലില്‍ തന്നെയായിരുന്നു നടന്നിരുന്നത്. ഭക്ഷണം എടുത്ത് കഴിച്ചിരുന്നത് കൈയുപയോഗിക്കാതെ പകരം നേരിട്ട് വായ കൊണ്ടായിരുന്നു. ഈ രീതിയിലെല്ലാം പെണ്‍കുട്ടി മാറ്റങ്ങള്‍ പ്രകടമാക്കി തുടങ്ങി. ഇപ്പോള്‍ വെള്ളത്തിന് ദാഹം തോന്നുമ്പോള്‍ ഗ്ലാസ്സ് നിലത്തിട്ടാണ് ദാഹിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുന്നത്. ഒറ്റയ്ക്ക് കക്കൂസില്‍ പോകാനും മറ്റും പെണ്‍കുട്ടി പരിശീലനം നേടിക്കഴിഞ്ഞു.

‘മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന കുട്ടിയായതുകൊണ്ടാവാം കുടുംബം ഇവളെ കാട്ടിലുപേക്ഷിച്ചത് എന്നായിരുന്നു പൊലീസിന്റെ നിഗമനം. കുരങ്ങന്മാരുടേതിന് സമാനമായ ചേഷ്ടകള്‍ കാണിച്ച കുട്ടി മൗഗ്ലി പെണ്‍കുട്ടിയെന്നാണ് അറിയപ്പെട്ടത്. പെണ്‍കുട്ടിക്ക് വനദുര്‍ഗ്ഗ എന്ന് പേരിട്ടതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്തകളിലൂടെ ജനശ്രദ്ധ നേടിയ പെണ്‍കുട്ടിയെ കാണാന്‍ നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ആളുകളെ കാണുമ്പോള്‍ കട്ടിലിനടിയല്‍ ഒളിച്ചാണ് കുട്ടി സ്വയം സംരക്ഷിക്കുന്നത്. കാട്ടില്‍ അകപ്പെട്ട പെണ്‍കുട്ടി കുരങ്ങന്മാരെ അനുകരിച്ചതാണ് തെറ്റിദ്ധാരണ പരത്തിയതെന്ന അനുമാനവുമുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികള്‍ ചെയ്യുന്ന സ്വാഭാവിക അനുകരണങ്ങള്‍ മാത്രമേ ഈ പെണ്‍കുട്ടിയും ചെയ്തിട്ടുള്ളുവെന്നാണ് സൈക്കാട്രിസ്റ്റ് പറയുന്നത്. കുട്ടി പെട്ടെന്ന് തന്നെ നടക്കാനും സംവദിക്കാനും പഠിച്ചെടുക്കുന്നതും കുരങ്ങന്മാരാല്‍ വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ലെന്നാണ് വെളിവാക്കുന്നതെന്നും മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

യു.പി.യിലുള്ള ബഹ്‌റൈച്ച് എന്ന സ്ഥലത്തെ ‘കറ്റാര്‍നിയാ ഘട്ട്’ വന്യമൃഗ സങ്കേതത്തിലായിരുന്നു ഇവളെ കണ്ടെത്തിയത്. പൊലീസ് വിവരമറിഞ്ഞു സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. അവളെ വളര്‍ത്തിയിരുന്നത് കുരങ്ങുകള്‍ ആയിരുന്നത്രേ. അതുകൊണ്ടുതന്നെ, മനുഷ്യര്‍ സംസാരിക്കുന്ന ഒരു ഭാഷയും അവള്‍ക്കു വശമുണ്ടായിരുന്നില്ല. മനുഷ്യരെ കാണുമ്പോള്‍ അവള്‍ അസ്വസ്ഥയും അക്രമാസക്തയുമാകുമായിരുന്നു. ആദ്യം കാണുമ്പോള്‍ അവള്‍ക്ക് കൈയും കാലും കുത്തി മൃഗങ്ങളെപ്പോലെ മാത്രമേ നടക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

ഈ കുട്ടിയെക്കുറിച്ച് ചില അവകാശവാദങ്ങളുമായി ‘ഭുല്ലാന്‍ അലി’ എന്നൊരാള്‍ ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നു. ഈ കുട്ടി തന്റെ അനന്തിരവളാണ്. വൈകല്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് കുട്ടിയെ അവളുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെക്കുറിച്ചു യാതൊരു വിവരവുമില്ല എന്നാണ് അയാള്‍ പറയുന്നത്. ഈ കഥയിലും പ്രശ്‌നങ്ങളേറെ.കാരണം, കുട്ടിയെ കണ്ടെത്തിയ വന്യജീവി സംരക്ഷണ കേന്ദ്രം, ദിനവും ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. അവിടെ വര്‍ഷങ്ങളോളം ഒരു കുട്ടിക്ക് ആരുമറിയാതെ കുരങ്ങുകളുടെ കൂടെ കഴിയാന്‍ സാധിക്കുകയില്ല. മാത്രമല്ല ഭുല്ലാന്‍, കുട്ടിയുടെ മാതാപിതാക്കളെ കൂടെ കൊണ്ടുവന്നിട്ടില്ല. അവരുടെയോ കുട്ടിയുടെയോ ഒരു ചിത്രം പോലും അയാളുടെ ൈകയില്‍ ഇല്ല.
മതിയായ തെളിവുകളും അവളുടെ മാതാപിതാക്കളുമായി വരികയും അവര്‍ ഡി.എന്‍.എ. ടെസ്റ്റില്‍ വിജയിക്കുകയും ചെയ്താല്‍ കുട്ടിയുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കാം എന്നാണ് മെഡിക്കല്‍ അധികൃതരുടെ നിലപാട്. ഇതിനിടെയാണ് റംസാന്‍ അലി ഷായും ഭാര്യ നാസ്മയും മൗഗ്ലി പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന അവകാശ വാദവുമായി എത്തുന്നത്.

Top