തൊടുപുഴ: അഞ്ച് ദിവസമായി ഒരു കുടുംബത്തെ പരിഭ്രാന്തിയിലാഴ്ത്തിയ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.
ഇടവെട്ടി മരവെട്ടിച്ചുവട് മുട്ടത്തില്‍പുത്തന്‍പുരയില്‍ തങ്കച്ചന്റെ വീട്ടുവളപ്പിലായിരുന്നു പാമ്പുകള്‍. ഇന്നലെ വൈകിട്ട് നാലോടെ തൊടുപുഴ ഫോറസ്റ്റ് റേഞ്ചിലെ അറക്കുളം, കുളമാവ് സെക്ഷന്‍ ഫോറസ്റ്റ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാമ്പുകളെ പിടിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ വീടിന്റെ ഗേറ്റിന് സമീപത്തുനിന്ന് ചീറ്റല്‍ കേട്ടപ്പോഴാണ് പാമ്പിനെ ആദ്യം കണ്ടതെന്ന് തങ്കച്ചന്റെ ഭാര്യ പറഞ്ഞു. ഒരു പാമ്പാണെന്നാണ് കരുതിയത്. പിന്നീടാണ് രണ്ടെണ്ണമുണ്ടെന്ന് മനസിലാക്കിയത്.
ഞായര്‍ രാവിലെ മുതല്‍ വളപ്പിലെ പൂന്തോട്ടത്തില്‍ ഇണചേരുന്ന നിലയില്‍ ഏറെനേരം കിടന്നു. വിവരമറിഞ്ഞ് ജനം കൂടിയതോടെ രണ്ട് മാളങ്ങളിലേക്ക് കയറി. പാമ്പ് പുറത്തിറങ്ങി വീടിനുള്ളില്‍ കയറുമോ എന്ന ഭയമുണ്ടായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു. തിങ്കള്‍ പകല്‍ 11 മണിയോടെയെത്തിയ വനംവകുപ്പ് അധികൃതര്‍ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ പിടികൂടിയത്.
കല്ലുകൊണ്ട് കെട്ടിയ മതിലിനടിയിലായിരുന്നു പൊത്തുകള്‍. മതില്‍ പൊളിക്കാതെ പാമ്പിനെ പിടികൂടാനുള്ള ശ്രമം നടന്നില്ല. പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചു.
തുടര്‍ന്ന് വനംവകുപ്പിന്റെ സര്‍പ്പ ജില്ലാ കോര്‍ഡിനേറ്റര്‍ നസീബ് പടിപ്പുരയ്ക്കല്‍ പാമ്പുകളെ പിടിച്ചു. ഇവയെ കുളമാവ് വനത്തില്‍ തുറന്നുവിടുമെന്ന് അറക്കുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.ടി സാജു പറഞ്ഞു.