ബ്രസല്‍സിലെ സ്‌ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു; വിമാനത്താവളം അടച്ചു;
സ്‌ഫോടനത്തിന് ശേഷവും മുമ്പും ലാന്റ് ചെയ്തത് രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍
ബ്രസല്‍സ്: ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെവിവിധ പ്രദേശങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരിയുമുണ്ട്. ജറ്റ് എയര്‍വെയ്‌സ് ജീവനക്കാരിക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തിലാണ് ആദ്യ ചാവേറാക്രമണം ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഷൂമാര്‍, മാല്‍ബീക് എന്നീ സ്ഥലങ്ങളിലും സ്‌ഫോടനമുണ്ടായി.
പ്രദേശിക സമയം രാവിലെ എട്ട് മണിക്കാണ് ആദ്യ സ്‌ഫോടനമുണ്ടായത്. അമേരിക്കന്‍ എയര്‍ വിമാനത്തിന്റെ ഡിപാര്‍ചര്‍ ലോഞ്ചിലാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. ബ്രസല്‍സിലെ സാവന്റെം വിമാനത്താവളത്തില്‍ ചാവേറാക്രമണം ഉണ്ടായതിന് മുന്‍പും സ്‌ഫോടനത്തിന് മിനിറ്റുകള്‍ക്ക് ശേഷവും പറന്നിറങ്ങിയത് രണ്ട് ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമനങ്ങള്‍. മുംബൈയില്‍ നിന്നുള്ള ഫ്‌ലൈറ്റ് 9 ഡബ്ലിയു 228, ഡല്‍ഹിയില്‍ നിന്നുള്ള ഫ്‌ലൈറ്റ് ഡബ്ലിയു 230 എന്നീ വിമാനങ്ങളാണ് സ്‌ഫോടന ശേഷം ലാന്‍ഡ് ചെയ്തത്. മുംബൈ വിമാനം പ്രാദേശിക സമയം 7.11 നും ഡല്‍ഹി വിമാനം 8.8നും ആണ് നിലത്തിറങ്ങിയത്. പ്രദേശിക സമയം 8നാണ് വിമാനത്താവളത്തില്‍ സ്‌ഫോടന ശബ്ദം കേട്ടത്.
ടെര്‍മിനലിലെ കെട്ടിടങ്ങളില്‍ നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. വിമാനത്താവളത്തിലേക്കുള്ള റെയില്‍ ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തി.
പാരീസ് ആക്രമണത്തിന് ശേഷം ബ്രസല്‍സില്‍ കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാരീസ് ആക്രമണത്തിലെ തീവ്രവാദികളില്‍ ഒരാളായ സലാഹ് അബ്ദസമദിനെ കഴിഞ്ഞ വെള്ളിയാഴ്ച ബ്രസല്‍സില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയിരുന്നു. ഇയാള്‍ നേരത്തെ ബ്രസല്‍സില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://youtu.be/S4i9bvbwiNM