![](https://dailyindianherald.com/wp-content/uploads/2016/05/ap-news.png)
ഹൈദരാബാദ്: അമ്പത് ലക്ഷം രൂപയ്ക്കുവേണ്ടി അച്ചന്മാര് മെത്രാനെ തട്ടികൊണ്ടുപോയി. സംഭവത്തില്‍ രണ്ടു വൈദികരടക്കം 14 പേര് പിടിയില്‍. കൂടപ്പയിലെ മെത്രാന് പ്രസാദ് ഗല്ലേലയെയാണു സംഘം തട്ടിക്കൊണ്ടുപോയത്. ആന്ധ്രാപ്രദേശില്‍ ഏപ്രില്‍ 25നാണു സംഭവം. ബിഷപ്പ് പ്രസാദ് ഗല്ലേല(54)യെയും ഡ്രൈവറെയുമാണ് ഒരു സംഘം അജ്ഞാതകേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയത്. ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെയാണു സംഭവം.
മെത്രാനെ വിട്ടുകൊടുക്കണമെങ്കില്‍ രൂപതയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദികരായ രാജറെഡ്ഡി (48), മോഹന്‍ റെഡ്ഡി (45) എന്നിവരുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.
അധികാരത്തിനും പണത്തിനും വേണ്ടിയാണു തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചതെന്നു കൂടപ്പ ടൗണ്‍ എസ്പി നവീന്‍ ഗുലാത്തി പറഞ്ഞു. മുമ്പു നാലുവട്ടം മെത്രാനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചെന്നും പൊലീസ് വെളിപ്പെടുത്തി. ഏപ്രില്‍ ആറിനും 15നുമായിരുന്നു വൃഥാവിലായ തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങള്‍.
20 ലക്ഷം രൂപ നല്‍കാമെന്നു മെത്രാന് സമ്മതിച്ചതിനെത്തുടര്‍ന്ന് മെത്രാനെയും ഡ്രൈവറെയും 26നു രാവിലെ ദേശീയപാതയില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതിനിടെ ഇവരുടെ പക്കലുള്ള എടിഎം കാര്‍ഡുകളും മറ്റും അക്രമികള്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മെത്രാന് ഇപ്പോള്‍ ചികിത്സയിലാണ്. പണത്തിനായി മെത്രാനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകള്‍ ശരിയാണെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വക്താവ് ഫാ. ജ്ഞാനപ്രകാശും സ്ഥിരീകരിച്ചിട്ടുണ്ട്