ഇന്ത്യാവിഷന്‍ പൂട്ടിയിട്ട് രണ്ട് വര്‍ഷം; വാര്‍ത്താ വസന്തത്തിന് തിരശ്ശീല വീണതെങ്ങനെ?

മലയാളിയുടെ വാര്‍ത്ത ശീലങ്ങള്‍ക്ക് പുതിയ മാനവും രൂപവും നല്‍കിയ ഇന്ത്യ വിഷന്‍ എന്ന വാര്‍ത്ത ചാനല്‍ പൂട്ടിയിട്ട് ഫെബ്രുവരി 10ന് 2 വര്‍ഷം തികയും. കേരളീയ രാഷ്ട്രിയ സാമൂഹിക, സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ സ്വാധീന ശക്തിയായിരുന്നു ഈ ചാനല്‍. പല അധികാര ശക്തികളെയും അവരുടെ കൊള്ളരുതായ്മകളെയും പച്ചക്ക് തുറന്ന് കാട്ടിയ ചാനല്‍. ഉറച്ച നിലപാട് ഉയര്‍ത്തി വ്യക്തമായ ചുവടുകളോടെ പൊരുതി മുന്നേറിയ ചരിത്രം. പല വമ്പന്മാരെയും കടപുഴക്കിയെറിഞ്ഞ വാര്‍ത്തകള്‍. ചാനലിന്റെ അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവരെല്ലാം പിന്നീട് വന്ന മാധ്യമങ്ങളിലെ പ്രധാനികള്‍. മാധ്യമ പ്രവര്‍ത്തനം പാഷനായവര്‍ക്ക് ലഹരിയായിരുന്നു അവിടത്തെ തൊഴിലന്തരീക്ഷം. തിണ്ണമിടുക്കില്‍ അര്‍ഹരായവരെ അവഗണിച്ചപ്പോഴെല്ലാം അവഗണിക്കപ്പെടുന്നവരുടെ ശബ്ദമായി ഉറച്ചു നിന്ന മാധ്യമം.

എന്തുകൊണ്ട് ഈ സ്ഥാപനം അകാലത്തില്‍ വീരചരമം പ്രാപിച്ചു എന്നത് ഗവേഷണ വിഷയമാക്കേണ്ടതാണ്, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെങ്കിലും. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് മുഖ്യകാരണമെന്ന് ഒറ്റ വാക്കില്‍ പറയാമെങ്കിലും അത് മാത്രമല്ല എന്നതാണ് കുറച്ച് വര്‍ഷം അവിടെ ജോലി ചെയ്ത ഈയുള്ളവന്റെ അനുഭവം. വലിയ മുതല്‍ മുടക്കുള്ള ഒരു സംരംഭം, ചിലവുകളും അതിലേറെ സാങ്കേതിക സങ്കേതങ്ങളുടെ മാറ്റങ്ങള്‍, പരിമിതമായ മാര്‍ക്കറ്റിങ് പരിസരം പുത്തന്‍ എതിരാളികള്‍, റേറ്റിംഗും ഡിസ്ട്രീബ്യൂഷനും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇതെല്ലാം മനസ്സിലാക്കി യഥാസമയം ഇടപെടുന്ന അഡ്മിനിട്രേറ്റീവ് നേതൃത്വ മികവുള്ളവരുടെ അഭാവം എല്ലാം നയിച്ചത് സ്ഥാപനത്തിന്റെ അന്ത്യത്തിലേക്കാണ്. ഇന്ത്യ വിഷന്‍ നില നില്‍ക്കണമെന്ന് ആഗ്രഹിച്ച ലക്ഷകണക്കിന് മലയാളികള്‍ ഉണ്ടെങ്കിലും പൂട്ടി പോകാന്‍ ആഗ്രഹിച്ചവരുടെ പട്ടികയില്‍ പല സമ്പന്നരും ഉന്നതരും ഉണ്ടായിരുന്നു. പക്ഷേ ഈ വെല്ലുവിളികളെ നേരിടാനുള്ള കരുത്തും ശേഷിയുമില്ലാതെ സ്വദേശാഭിമാനിയുടെ പേരും പറഞ്ഞ് മേനി നടിച്ച് അധികാര കസേരകള്‍ നിലനിറുത്തിയ മുഖ്യ ഗുണഭോക്താവ് പോലും ഇന്ന് ഈ സ്ഥാപനത്തെക്കുറിച്ച് കിനാവ് പോലും കാണുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊരി വെയിലത്ത് മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നല്‍കിയ പണം കൊണ്ടും, ശമ്പളവും അടിസ്ഥാന സൗകര്യവുമില്ലാതെ രാപകല്‍ പണിയെടുത്ത ജീവനക്കാരോടു കാട്ടിയ കുറ്റകരമായ അനാസ്ഥയ്ക്കും ഉത്തരവാദി ആര്? ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ മുതലാളി ജീവനക്കാര്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍, മുതലാളിക്കെതിരെ ശക്തമായ നിലപാടോടെ പോരാടിയ സ്ഥാപനത്തിലാണ് ഇത് എല്ലാം നടന്നത്… നാട്ടുകാര്‍ക്ക് വേണ്ടി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിനും ജീവനക്കാര്‍ക്കും വേണ്ടി ആരും സംസാരിക്കാനില്ലാതെ അനാഥമായ നിമിഷങ്ങള്‍ ഇന്നും അവസാന ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഓര്‍മ്മയുണ്ടാകും. ചെറിയ തോതില്‍ ഇടപെടാന്‍ ശ്രമിച്ചവരാകട്ടെ സങ്കുചിത താത്പര്യത്തോടെ കുരുടന്‍ ആനയെ കണ്ട പോലെയും… ഒട്ടേറെ ചാനല്‍ പ്രതിഭകളെ സൃഷ്ടിച്ചെടുക്കുന്നതിനിടയില്‍ പ്രായമായി പോയ നിരവധി അണിയറ പ്രവര്‍ത്തകര്‍ ഇന്നും ജോലിയില്ലാതെ അലയുന്നുണ്ട്. അവരോട് സഹതാപം വേണ്ട വലിയ തുക പി എഫ് ഇനത്തിലും ശബളമായും അവര്‍ക്ക് ലഭിക്കാനുണ്ട് അതിന് ഒരു ചെറിയ ശ്രമമെങ്കിലും നമുക്കിടയില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്.

എല്ലാവരുടെയും അവകാശ പോരാട്ട വിജയത്തിനായി മുറവിളി കൂട്ടുന്ന നമുക്ക് എന്ത് കൊണ്ട് അതിന് കഴിയുന്നില്ല. (ഞാന്‍ അടക്കമുള്ളവര്‍ക്ക്) ഒരു ഉത്തരമേ ഒള്ളൂ. ഈ പണി അത്ര സുരക്ഷിതമായതല്ല അതല്ലെങ്കില്‍ വലിയ ഭാവം നടിക്കാം സ്വന്തം കാര്യം വരുമ്പോള്‍ പുലികള്‍ എല്ലാം വെറും പൂച്ചയാ… അതാണ് ഒരു വലിയ സ്ഥാപനം നിശ്ചലമായിട്ട് റോഡില്‍ ഒരു പൂച്ച വണ്ടിയിടിച്ച് മരിച്ച പ്രതീതി പോലും സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാത്തത്. രണ്ടാം അനുസ്മരണക്കുറിപ്പില്‍ ആരെയും വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ അല്ല ഈ പോസ്റ്റ്, ഉഗാണ്ടയില്‍ അടക്കം നടക്കുന്ന തൊഴില്‍ ചൂഷണം വലിയ തോതില്‍ വാര്‍ത്തയാക്കുന്ന നമ്മള്‍ ആത്മ പരിശോധന നടത്തണമെന്ന് മാത്രം…????

Top