ദുബായ്: ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനിടെ യു.എ.ഇ.യിലെ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത് ഏകദേശം 23,000 കോടി രൂപ. യു.എ.ഇ. സെന്‍ട്രല്‍ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ വിദേശികള്‍ രാജ്യത്തിന് പുറത്തേക്കയച്ചത് 65,000 കോടി രൂപയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പണമയച്ചിരിക്കുന്നത് യു.എ.ഇ.യിലെ ഇന്ത്യക്കാരാണ്. മൊത്തം തുകയുടെ 34 ശതമാനം അതായത് ഏകദേശം 23,000 കോടി രൂപയാണിത്.
പാക്കിസ്ഥാന്‍ സ്വദേശികളാണ് പണമയക്കുന്നവരില്‍ ഇന്ത്യക്കു തൊട്ടു പുറകെയുള്ളത്. മൊത്തം തുകയുടെ ഒമ്പതുശതമാനമാണ് പാക്കിസ്ഥാനിലേക്ക് അയച്ചത്. മൂന്നാംസ്ഥാനത്തുനില്‍ക്കുന്ന ഫിലിപ്പീന്‍സിലേക്ക് മൊത്തം തുകയുടെ 7.3 ശതമാനവും അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യു.എ.ഇ.യില്‍ നിന്ന് പുറത്തേക്കുപോകുന്ന പണത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
ടൂറിസം, വാണിജ്യം, ചില്ലറ വ്യാപാരം തുടങ്ങിയ എണ്ണയിതര മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു. അബുദാബിയിലെയും ദുബായിലെയും പദ്ധതികളുടെ മൂല്യം 42 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.
പുറത്തേക്കയക്കുന്ന പണത്തിന്റെ 75 ശതമാനവും പോകുന്നത് പണമിടപാട് സ്ഥാപനങ്ങളിലൂടെയാണ്. 25 ശതമാനം പേര്‍ മാത്രമാണ് ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നത്. റംസാന്‍ മാസത്തില്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും തുകയും ഇനിയുംകൂടുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു.