
ബിജു കല്ലേലിഭാഗം
യുഎഇ-ഇന്ത്യ സൗഹൃദത്തിന്റെ പ്രതീകമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യു.എ.ഇ യിൽ ശിലാസ്ഥാപനം നടത്തിയ ക്ഷേത്രമെന്നു ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം വാമിനാരായൺ സൻസ്ഥയിലെ (ബാപ്സ്) സ്വാമി ബ്രഹ്മവിഹാരി.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മഹാമനസ്കതയാണ് ക്ഷേത്രം യാഥാർഥ്യമാക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർനടപടികൾ വേഗത്തിലാക്കി. സന്യാസി പ്രമുഖരെ ക്ഷണിച്ചുവരുത്തുകയും ചുമതലയേൽപിക്കുകയും ചെയ്തു.
പൂർണമായും ശിലകൾകൊണ്ടു നിർമിക്കുന്ന ക്ഷേത്രം 2020 ൽ പൂർത്തിയാക്കുകയാണു ലക്ഷ്യം. സ്നേഹവും സഹിഷ്ണുതയും മതസൗഹാർദവും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന കേന്ദ്രമായി ഇതുമാറും. സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല തുടങ്ങിയവ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്. ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും പിന്തുടർന്നാകും ക്ഷേത്രം പ്രവർത്തിക്കുകയെന്നും മാധ്യമപ്രവർത്തകരോടു പറഞ്ഞു. ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്കാരിക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ടാകും.
അബുദാബി – ദുബായ് ഹൈവേയിൽ അബു മുറൈഖയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ദുബായ് ഓപ്പറ ഹൗസിൽ ടെലി കോൺഫറൻസിലൂടെയാണ് മോദി നിർവഹിചത്. തുടർന്നു ക്ഷേത്രത്തിന്റെ മാതൃക പ്രകാശനവും ചെയ്തു . ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ കാർമികത്വത്തിൽ നടക്കുന്ന ശിലാന്യാസ പൂജകൾ തൽസമയം ഓപ്പറ ഹൗസിൽ സംപ്രേഷണവും ചെയ്തു.