ബലിപെരുന്നാള്‍ ആഘോഷം പ്രമാണിച്ച് യു.എ.ഇയില്‍ 704 കുറ്റവാളികളെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനം. 704 തടവുകാരെ ജയില്‍ മോചിതരാക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാള്‍. ഇതിന്റെ ഭാഗമായാണ് വിവിധ കുറ്റതൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ പെരുനാള്‍ പ്രമാണിച്ച് മാപ്പു നല്‍കി മോചിപ്പിക്കുന്നത്.
വിട്ടയക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് തീര്‍ക്കും. ജയില്‍ മോചനം ലഭിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാവുമെന്നും. കുടുബത്തിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും സന്തോഷം പകരാനും അവസരമൊരുക്കുന്നതാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസം ബലിപെരുന്നാള്‍ അവധിയും പ്രഖ്യാപിച്ചു. ഈ മാസം 19 മുതല്‍ 23 വരെയാണ് അവധി. വ്യാഴം, വെള്ളി വാരാന്ത്യ അവധി ദിനങ്ങള്‍ ചേരുമ്പോള്‍ ഏഴു ദിവസം ലഭിക്കും. 26 നു സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപനം ഉടനുണ്ടാകും.