കോഴിക്കോട്: പകപ്രതിഷേധങ്ങള്‍ക്കിടയിലും യുഎപിഎയുമായി വീണ്ടും പോലീസ്. കോഴിക്കോട്ടെ മനുഷ്യാവകാശ പ്രവര്‍ത്തകനും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനുമായ രജീഷ് കൊല്ലങ്കണ്ടിക്കെതിരേയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്.തീവ്ര ഇടതുപക്ഷ ബന്ധം ആരോപിച്ച് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനാണ് രജീഷ് നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കളെ സഹായിച്ചെന്ന കുറ്റത്തിന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷ് കൊല്ലക്കണ്ടിക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത് .
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ മാനന്തവാടിയില്‍ പോസ്റ്റര്‍ ഒട്ടിച്ച കേസില്‍ യുഎപിഎ ചുമത്തി പോരാട്ടം പ്രവര്‍ത്തകന്‍ എം.എന്‍.രാവുണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കേസിലാണ് കോഴിക്കോട് ഗവ.പോളിടെക്നിക്കിലെ ക്ലാര്‍ക്കായ രജീഷ് കൊല്ലങ്കണ്ടിക്കെതിരേ വയനാട് പോലീസ് യുഎപിഎ ചുമത്തിയത്. ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനം എന്ന സംഘടനയുടെ സംസ്‌ഥാന കമ്മിറ്റിയംഗമാണ് രജീഷ്.അതേസമയം രജീഷിനെതിരേ ഒരാഴ്ച മുന്‍പാണ് യുഎപിഎ ചുമത്തിയതെന്നും ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മാനന്തവാടി എഎസ്പി ജയദേവ് ‘ദീപിക’യോടു പറഞ്ഞു.വയനാട്ടിലെ വെള്ളമുണ്ട, തലപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് രജീഷിനെതിരേ കേസുള്ളത്.
നിലമ്പൂര്‍ കാട്ടില്‍ വെടിയേറ്റ് മരിച്ച കുപ്പുദേവരാജിന്റെ കുടുംബത്തിന് കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ താമസമൊരുക്കിയെന്ന കേസില്‍ രജീഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണിപ്പോള്‍ യുഎപിഎ ചുമത്തിയിരിക്കുന്നത്. എം.എന്‍.രാവുണ്ണിക്ക് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് രജീഷാണെന്ന് പൊലീസ് പറഞ്ഞു.
വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഏറ്റുവാങ്ങുന്നതിനും സംസ്കരിക്കുന്നതിനുമെല്ലാം നേതൃത്വം നല്‍കിയത് രജീഷായിരുന്നു.