കോഴിക്കോട്: ദേശിയഗാനത്തിന്റെ പേരില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ നോവലിസ്റ്റ് കമല്‍സി ചവറയെ അറസ്റ്റ് ചെയ്തു. ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവലെഴുതിയ കമല്‍ സി ചവറയെന്ന എഴുത്തുകാരനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കില്‍ കമലിട്ട ചില പോസ്റ്റുകളിലും ദേശീയ ഗാനത്തെ അനാദരിക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ഐ.ജിക്ക് നല്‍കിയ പരാതിയിക്കുമേല്‍ കമലിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 124 എ വകുപ്പ് പ്രകാരം രാജ്യദോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊല്ലം സിറ്റി കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്തത്. എഴുത്തുകാരനെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹത്തെ ഉടന്‍ കരുനാഗപ്പള്ളി പൊലീസിന് കൈമാറുമെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
എന്നാല്‍, നിയമ വിരുദ്ധമായാണ് പൊലീസ് എഫ്. ഐ. ആര്‍. തയ്യാറാക്കിയതെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ നേരത്തെ പറഞ്ഞിരുന്നു. താന്‍ എഴുതികൊണ്ടിരിക്കുന്ന പുതിയ ആക്ഷേപ ഹാസ്യ നോവലിലെ ചില ഭാഗങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടതെന്നും ഇതിനെയാണ് ദേശീയ ഗാനത്തെ അനാദരിക്കുന്നുവന്ന് പൊലീസ് പറയുന്നതെന്നും കമല്‍ പറഞ്ഞു. സ്‌കൂളിലെ ജനഗണമന ചൊല്ലുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള നോവലിലെ പരാമര്‍ശമാണ് ദേശീയ ഗാനത്തെ അനാദരിക്കുന്നതെന്ന് ആരോപിക്കുന്നതെന്നും കമല്‍ പറയുന്നു.
തന്റെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ അനുവാദമില്ലാതെ കടക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ പൊലീസ് എടുത്തു കൊണ്ടു പോകുകയുമായിരുന്നു. താന്‍ അവിടെയല്ല താമസിക്കുന്നത് എന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമിച്ച് കടക്കുകയായിരുന്നു. ചവറ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള വീട്ടില്‍ കേസന്വേഷിക്കാന്‍ എത്തിയത് കരുനാഗപ്പിള്ളി എസ്.ഐയാണ്. എടുത്തു കൊണ്ടു പോകുന്ന സാധനങ്ങള്‍ എന്താണെന്ന് വീട്ടിലുള്ളവരെ അറിയിക്കേണ്ടതുണ്ട് നിയമ പരമായി. അത് പൊലീസ് പാലിച്ചില്ലെന്നും പൊലീസ് തന്നെ ഭീകരവാദിയായി ചിത്രീകരിക്കുന്നുവെന്നും കമല്‍ സി ചവറ പറഞ്ഞു. എഴുത്തുകാരനെ ദുര്‍ബലമായ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.