
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: കേരള കോൺഗ്രസിനു പിന്നാലെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ യുഡിഎഫ് വിട്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ ആനൂകൂല്യങ്ങളെല്ലാം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള കോൺഗ്രസ് എമ്മിനു പിന്നാലെ ജനതാദളും, ആർഎസ്പിയുമാണ് ഇപ്പോൾ പുറത്തേയ്ക്കിറങ്ങാൻ ഒരുങ്ങുന്നത്. കേരള കോൺഗ്രസിനെപ്പോലെ തന്നെ ആർഎസ്പിയും, ജനതാദളും ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്കു നിൽക്കുന്നതിനാണ് ആലോചിക്കുന്നത്.
യുഡിഎഫിൽ നിന്നും നീതി ലഭിച്ചില്ലെന്ന കേരള കോൺഗ്രസിന്റെ വാദമുന്നയിച്ചു തന്നെയാണ് ജെഡിയുവും കളം മാറ്റാനൊരുക്കും കൂട്ടുന്നത്. ഘടകകക്ഷികളോടുള്ള ചിറ്റമനയം തുടരുന്ന കോൺഗ്രസിന്റെ നിലപാടിന് മാറ്റം വരാതെ മുന്നണിയിൽ തുടരുന്നതിനോട് ജെഡിയുവിലെ ഭൂരിഭാഗം പേർക്കും താത്പര്യവുമില്ല.
യുഡിഎഫ് ഘടകകക്ഷികളെ മാനിക്കുന്നില്ലെന്ന കേരള കോൺഗ്രസിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് ജെഡിയു നേതാക്കളും പറയുന്നത്. കേരള കോൺഗ്രസ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവമായി കണ്ട് പരഹിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെന്ന് ജെഡിയു സംസ്ഥാന ജനറൽ സെക്രട്ടറി ഷെയിക് പി ഹാരിസ് പറയുന്നു. മാണിയുടെ ഭാഗത്ത് ന്യായമുണ്ടെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ജെഡിയുവിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. യുഡിഎഫിൽ വന്ന കാലം മുതൽ കോൺഗ്രസ് കാലുവാരൽ നയമാണ് ജെഡിയുവിനോട് സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള സീറ്റുകൾ കോൺഗ്രസ് കാലുവാരിയതോടെയാണ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിൽവിൽ പാർട്ടി മെമ്പർഷിപ് ക്യാമ്പയിനുമായാണ് മുന്നോട്ട് പോകുന്നത്. എന്നാൽ രാഷ്ട്രീയ സാഹചര്യവും സമയവും ഒത്തുവന്നാൽ മുന്നണി വിടുന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടിയുടെ മെമ്പർഷിപ് ക്യാമ്പയിൽ അവസാനിച്ചാൽ യുഡിഎഫ് വിടുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. യുഡിഎഫ് വിട്ടാൽ ജെഡിയു കേരള കോൺഗ്രസ്എമ്മിന്റെ സമദൂര സിദ്ധാന്തമായിരിക്കില്ല സ്വീകരിക്കുകയെന്ന് യുവജനതാദൾയു സംസ്ഥാന പ്രസിഡന്റ് സലീം മടവൂർ പറഞ്ഞു. മുന്നണി മാറ്റം നേരത്തെ തന്നെ പാർട്ടിയിൽ ചർച്ചാ വിഷയമാണ്.
എൽഡിഎഫിലേക്ക്് തന്നെ തിരിച്ചെത്തണമെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജെഡിഎസുമായി ലയനമുണ്ടാകില്ല. ജെഡിയു മുൻകൈയെടുത്ത് ലയനത്തെ കുറിച്ച് ചർച്ച നടത്തില്ല. അതേസമയം ജെഡിഎസ് ജെഡിയുവിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുന്നണി മാറ്റത്തെക്കാൾ പ്രധാന്യം മെമ്പർഷിപ് ക്യാമ്പയിനിനും സംഘടനാ തെരഞ്ഞെടുപ്പിനുമാണ് ഇപ്പോൾ നൽകുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി. കുഞ്ഞാലി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ച ജെഡിയുവിനും യുഡിഎഫിനും വലിയ തലവേദനയുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിടണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും പറഞ്ഞിരുന്നു.
അന്ന് 14 ജില്ലാ കൗൺസിലിൽ 12ഉം യുഡിഎഫ് വിടണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലാ കൗൺസിൽ മാത്രമായിരുന്നു യുഡിഎഫിൽ തുടരാൻ സമ്മർദം ചെലുത്തിയത്. വീരേന്ദ്രകുമാറിന്റെ വിശ്വസ്ഥനായ മനയത്ത് ചന്ദ്രനായിരുന്നു അന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിശകലന യോഗത്തിൽ മനയത്ത് ചന്ദ്രനെ തത്സ്ഥാനത്ത് മാറ്റിയിരുന്നു. മുന്നണി മാറ്റത്തിന്റെ വാതിൽ വീരേന്ദ്രകുമാർ തുറക്കുന്നതായി അന്നു തന്നെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയതുമാണ്. എന്നാൽ പെട്ടന്നുള്ള തീരുമാനം പാർട്ടിയെ കൂടുതൽ കുഴപ്പത്തിലേക്ക് ചാടിക്കുമെന്ന് സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തോടെ പെട്ടന്നുള്ള മുന്നണി മാറ്റത്തിന് സമയം നീട്ടുകയായിരുന്നു.