ഡിഐഎച്ച് ഡെസ്‌ക്
ഇടുക്കി: ദൈവവും മതവും വിശ്വാസവും കൂട്ടിനുണ്ടെങ്കിൽ കേരളത്തിൽ ആർക്കും എന്തും കയ്യേറാം. ഇടുക്കിയിലെ മലമടക്കിൽ കണ്ട കുരിശ് കയ്യേറ്റത്തിന്റെ വലിയൊരു രൂപമായിരുന്നു. ആദ്യം കുരിശായും പിന്നെ പള്ളിയായും രൂപാന്തരം പ്രാപിക്കുന്ന കയ്യേറ്റത്തിന്റെ ദൈവീക ഭാവം. ഇടുക്കിയിലും കോട്ടയത്തിന്റെ മലമേഖലകളിലും കയ്യേറ്റം നടത്തുന്നതിനാൽ ദേവത്തിനു ജാതിമത വ്യത്യാസമില്ല. പക്ഷേ, ദൈവത്തെയും മതത്തെയും മുന്നിൽ നിർത്തി കയ്യേറ്റം നടത്തുന്നവർ കള്ളത്തരത്തിനു വിശ്വാസത്തെയും കൂട്ടുപിടിക്കുന്നു.
മൂന്നാർ പപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചു നീക്കിയതാണ് മൂന്നാർ കയ്യേറ്റ ഭൂമിയിൽ നിന്നും പുറത്തു വന്ന ഏറ്റവും പുതിയ വാർത്ത. എറണാകുളം കേന്ദ്രീകരിച്ചുള്ള ഒരു രോഗശാന്തി ശുശ്രൂഷനായ വൈദികന്റേതാണ് മൂന്നാറിലെ പപ്പാത്തിച്ചോല കേന്ദ്രീകരിച്ചുള്ള കോൺക്രീറ്റ് കുരിശ്. സംസ്ഥാനത്തെമ്പാടും പ്രാർഥനയും രോഗശാന്തി ശുശ്രൂഷയും നടത്തുന്ന ഇദ്ദേഹം, മൂന്നാറിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ കുരിശടികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മലകളിലെല്ലാം പിന്നീട് ആരാധനാലയമോ, രോഗശാന്തി ശുശ്രൂഷ കേന്ദ്രമോ സ്ഥാപിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതേ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കുരിശടികളും ഇവർ സ്ഥാപിച്ചിട്ടുണ്ട്.
കുരിശടികളുടെയും കാണിക്കവഞ്ചികളും പലപ്പോഴും വഴിമുടക്കികളായി നിൽക്കുന്നതും ഇതേ മതത്തെയും വിശ്വാസത്തെയും വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ ഭയപ്പെട്ടതു മൂലമാണ്. കോട്ടയം കഞ്ഞിക്കുഴി ജംക്ഷനിൽ എന്നും ഗതാഗതക്കുരുക്കാണ്. ആറു റോഡുകൾ ഒന്നിച്ചു ചേരുന്ന ഈ റോഡിന്റെ ഒത്ത നടുക്ക് കുരുക്കിന്റെ കാരണമായി ഒരു കുരിശടി നിൽക്കുന്നു. റോഡ് വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും കുരിശടിയിൽ തൊടാൻ ധൈര്യമുള്ള ഒരു നേതാവും ഉണ്ടായില്ല. റോഡ് നിർമിക്കാൻ നാട്ടുകാർ പദ്ധതിയിടുമ്പോൾ ബുദ്ധിയുള്ള സ്ഥലം ഉടമ തന്റെ സ്ഥലത്തിന്റെ ഒരു മൂല കുരിശടിയ്‌ക്കോ കാണിക്കവഞ്ചിക്കോ വിട്ടു നൽകും. പിന്നെ, ആർക്കും സ്ഥലവും വേണ്ട വഴിയും വേണ്ട.
കേരളത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് വാഗമൺ. ഇവിടെ ക്രൈസ്തവരും, എസ്എൻഡിപിയും രണ്ടു മലകൾ കയ്യേറിയിട്ടുണ്ട്. വാഗമണ്ണിൽ കുരിശുമലയ്ക്കു വർഷങ്ങളുടെ പാരമ്പര്യമുണ്ടെങ്കിലും എസ്എൻഡിപിയുടെ മുരുകൻമല അടുത്ത കാലത്താണ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത്. ക്രൈസ്തവരുടെ കുരിശുമലയുടെ ഏറ്റവും മുകളിലെത്താൻ കോൺക്രീറ്റ് പടികൾ. കുരിശുമലയുടെ തലപ്പൊക്കത്തിൽ കോൺക്രീറ്റിൽ തീർത്ത കൂറ്റൻ കോൺക്രീറ്റ് കുരിശ്.
കുരിശുമലയിലേയ്ക്കു വിശ്വാസികൾ ഒഴുകിയെത്തുകയും അനുഭവസാക്ഷ്യം ഒഴുകുകയും ചെയ്തതോടെ ക്രൈസ്തവ സഭകളെ ആളെപിടികൂടുകയാണെന്നു മനസിലാക്കി എസ്എൻഡിപി ഇടപെട്ടു. പിന്നെ, വെള്ളാപ്പള്ളി നടേശന്റെയും കോട്ടയം മീനച്ചിൽ എസ്എൻഡിപി യൂണിയനുകളെയും ഭീഷണി. കുരിശുമലയോടു ചേർന്നുള്ള പ്രദേശത്ത് നിമിഷങ്ങൾക്കകം വാഗമണ്ണിൽ മുരുകൻ മലയെത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് റവന്യുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്എൻഡിപിയുടെ പേരിൽ മുരുകൻമല തീറെഴുതികൊടുക്കുക കൂടി ചെയ്തതോടെ ഭക്തിയുടെ പേരിലുള്ള കച്ചവടം കൊഴുത്തു.