ഏറ്റുമാനൂർ: കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ പിതാവിന്റെ കല്ലറയിൽ റീത്ത് വച്ച് അനുഗ്രഹം തേടി, രാഷ്ട്രീയ ഗുരുനാഥനായ കെ.എം മാണിയുടെ കല്ലറയിൽ മെഴുകുതിരി തെളിയിച്ച് ഏറ്റുമാനൂരിന്റെ മനസിലേയ്ക്കിറങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായി.
രാവിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തു വരുമ്പോൾ, കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ പിതാവ് ഒ.വി ലൂക്കോസിന്റെ കല്ലറയിൽ പ്രാർത്ഥനയിലായിരുന്നു പ്രിൻസ്. പാറമ്പുഴ ബദ്‌ലഹേം പള്ളിയിലെ പിതാവിന്റെ കബറിടത്തിൽ നിന്നും പ്രിൻസ് നേരെ പോയത് അതിരമ്പുഴ ഫൊറോന പള്ളിയിലേയ്ക്കായിരുന്നു. ഇവിടെ എത്തിയ പ്രിൻസിനെ വികാരി ജോസഫ് മുണ്ടകത്തിൽ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പിന്നീട്, കുടമാളൂർ പള്ളിയിൽ എത്തി ആർച്ച് ബിഷപ്പ് റവ.ഡോ.മാണി പുതിയിടത്തിനെ കണ്ട് അനുഗ്രഹം വാങ്ങി.
പിന്നീട് പാലാ കത്തീഡ്രൽ പള്ളിയിൽ രാഷ്ട്രീയ ഗുരുനാഥൻ കെ.എം മാണിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച്, പൂക്കൾ അർപ്പിച്ചു പ്രാർത്ഥിച്ചു. കെ.എം മാണി പാർട്ടി ചെയർമാനായിരിക്കെയാണ് അഡ്വ.പ്രിൻസ് ലൂക്കോസിനെ പാർട്ടി ഉന്നതാധികാര സമിതിയിലേയ്ക്കു നാമനിർദേശം ചെയ്തത്. അന്ന് പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായിരുന്നു പ്രിൻസ്. ഇത് തന്നെയാണ് യു.ഡി.എഫിന് ഇക്കുറി ഏറ്റുമാനൂർ മണ്ഡലത്തിൽ കരുത്തേകുന്നതും. തുടർന്നു, മാന്നാനത്ത് ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിലും, ജോർജ് പൊടിപാറയുടെ സ്മൃതി മണ്ഡപത്തിലും പ്രിൻസ് ലൂക്കോസ് പുഷ്പാർച്ച നടത്തി.
ഇവിടെ അരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് ഏറ്റുമാനൂരിലെ സാധാരണക്കാർക്കിടയിലേയ്ക്കു പ്രിൻസ് എത്തിയത്. ഇവിടെ വിവിധ പരിപാടികളിലേയ്ക്കിറങ്ങി പ്രിൻസ് ലൂക്കോസ് സജീവമാകുകയായിരുന്നു. ഇന്നലെ ഔദ്യോഗിക പ്രചാരണം ആരംഭിച്ച പ്രിൻസ് മണ്ഡലത്തിലെ വിവിധ വ്യക്തികളെ നേരിൽ കാണാനും, വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും എത്തി ആളുകളെ നേരിൽ കാണുകയായിരുന്നു. വർഷങ്ങളായി ഏറ്റുമാനൂരിന് സുപരിചിതനായ പ്രിൻസ് അതിവേഗം തന്നെ മണ്ഡലത്തിലെ ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞു.