രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തിൽ തെരുവിലേയ്ക്കു സമരം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നു യുഡിഎഫും കോൺഗ്രസ് പിന്മാറുന്നു. ഇനി സമരം തുടരേണ്ടെന്നു കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ സമരത്തിനെ തകർക്കാൻ ചതിയുണ്ടായെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സമരം വിജയമാക്കി അവസാനിപ്പിക്കാൻ അവസരമുണ്ടായിട്ടും അതിന് മുതിർന്നില്ലെന്നാണ് പരാതി. മാത്രമല്ല, സമരം തുടങ്ങിയതുതന്നെ യാതൊരു മുന്നൊരുക്കവുമില്ലാതെയാണെന്നും അവർ പരാതിപ്പെടുന്നു. ഇനി യാതൊരുപ്രസക്തിയുമില്ലാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം.
തുടക്കം മുതൽ തന്നെ മുന്നണിയിലേയും പാർട്ടിയിലേയും ഒരുവിഭാഗത്തിന് സമരത്തോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ സമരം തുടങ്ങിയ സാഹചര്യത്തിൽ അതിനോട് സഹകരിക്കുകയയിരുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് സമരത്തിലേക്ക് എടുത്തുചാടിയത്. ഒരു സമരത്തിന്റെ തുടക്കം തന്നെ നിരാഹാരസത്യാഹ്രം എന്നത് കേട്ടുകേൾവിയില്ലാത്ത രീതിയാണ്. പക്വതയും ഈ അടുത്തകാലത്ത് സമരവും ചെയ്ത് വേണ്ടത്ര പരിചയവുമില്ലാത്ത യൂത്ത് കോൺഗ്രസ് ഇത്തരമൊരു നീക്കത്തിന് മുതിരുമ്പോൾ തന്നെ തടയണമായിരുന്നു. അതുകഴിഞ്ഞ് സമരം യു.ഡി.എഫ് ഏറ്റെടുത്ത രീതിയും ശരിയായില്ല. തലവരിപണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും പരിയാരത്തെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തപ്പോൾ സമരം പിൻവലിച്ചിരുന്നെങ്കിൽ അത് വലിയ നേട്ടമായിരിക്കുമായിരുന്നു. ഇനി എന്തായാലും ഇതുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് മുന്നണിയിലെ പൊതു അഭിപ്രായം. </p>
<p>സ്വാശ്രയസമരത്തിൽ ഉദ്ദേശിച്ച ഫലം നേടാനായില്ലെങ്കിലും പ്രക്ഷോഭം ഏറെ ഗുണം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനെ പൊതുസമൂഹത്തിന് മുന്നിൽ മുട്ടുകുത്തിച്ച് തങ്ങൾ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ വിജയിച്ചില്ലെങ്കിലും മുന്നണിക്ക് പുതുജീവൻ നൽകുന്നതിന് ഈ സമരം ഉപകരിച്ചു. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്കുണ്ടായ മികച്ച പ്രതിച്ഛായ തകർക്കാനായിയെന്നും അവർ വിലയിരുത്തുന്നു. ഒപ്പം അംഗബലത്തിൽ ചെറുതാണെങ്കിലും നിയമസഭയിൽ അത് മതിയെന്ന് തെളിയിക്കാനും കഴിഞ്ഞു. </p>
<p>എന്തായാലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ സമ്പൂർണ്ണമായി തകർന്നടിഞ്ഞ കോൺഗ്രസിന് ലഭിച്ച ജീവശ്വാസമായി ഈ സമരം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടികൾക്കുള്ളിലേയും മുന്നണിയിലേയും പടലപിണക്കങ്ങളും തമ്മിൽതല്ലും മൂലം തകർന്നടിഞ്ഞ യു.ഡി.എഫിനും ഇത് കുറച്ച് ഉണർവേകിയിട്ടുണ്ട്. ഒപ്പം പ്രതിപക്ഷനേതാവ് എന്നനിലയിൽ തന്റെ നിലനിൽപ്പ് ഉറപ്പിക്കാൻ രമേശ് ചെന്നിത്തലയ്ക്കുമായി. യു.ഡി.എഫിന്റെ വീഴ്ച മുതലെടുത്ത് വളർന്ന് കയറാൻ ശ്രമിച്ച ബി.ജെ.പിയെ പ്രതിരോധിക്കാനായതോടൊപ്പം തങ്ങളെ ഉപേക്ഷിച്ചുപോയ മാണി ഗ്രൂപ്പിനെ ഒന്നുമല്ലാതാക്കാൻ കഴിഞ്ഞുവെന്നും യു.ഡി.എഫ് വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കോട്ടകളിൽ കടന്നുകയറിയ ബി.ജെ.പി നിഷ്പ്രഭമാക്കി സ്വന്തം നിലയുറപ്പിക്കാൻ ഈ സമരത്തിലൂടെ കഴിഞ്ഞു. അവസാനനിമിഷം യുവമോർച്ചയും എ.ബി.വി.പിയും സമരത്തിനിറങ്ങിയെങ്കിലും കഴിഞ്ഞദിവസം സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിൽ ഓ. രാജഗോപാൽ സ്വാശ്രയമാനേജ്‌മെന്റിന് അനുകൂലമായി സംസാരിച്ചതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. അദ്ദേഹം ഫീസ് വർദ്ധനയെ ന്യായീകരിക്കുകയും സമരത്തെ തള്ളിപ്പറയുകയും ചെയ്തതും യു.ഡി.എഫിന് നേട്ടമായി. ബി.ജെ.പിയുടെ പ്രസക്തിതന്നെ ഈ സമരത്തോടെ നഷ്ടപ്പെട്ടുവെന്നാണ്‌വിലയിരുത്തൽ.
സ്വാശ്രയസമരം കേരളത്തിൽ യു.ഡി.എഫിന് വല്ലാത്ത സ്വീകാര്യതയുണ്ടാക്കിയതായാണ് മുന്നണിയുടെ പ്രധാന വിലയിരുത്തൽ. മാത്രമല്ല, നിയമസഭ ആരംഭിക്കുന്നതിന് മുമ്പ് യു.ഡി.എഫിന്റെ അംഗസംഖ്യ കുറവായതുകൊണ്ട് പരിഹസിച്ച ചില മന്ത്രിമാർക്കുള്ള മറുപടി കൂടിയാണ് ഈ സമരം എന്നും അവർ പറയുന്നു. ഇതിനെല്ലാമുപരി പിണറായിവിജയന്റെ പ്രതിച്ഛായ തകർക്കാൻ കഴിഞ്ഞുവെന്നും അവർ വിലയിരുത്തി. തെരഞ്ഞെടുപ്പ് വിജയിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാൻ പോയ പിണറായിവിജയന് സാമൂദായികനേതാക്കൾ ഉൾപ്പെടെ എല്ലാവരും ചെന്ന് അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. അതോടെ പിണറായി വിജയന് വല്ലാത്ത ജനകീയ പ്രതിച്ഛായയുണ്ടായി. എന്നാൽ ഇതിലൂടെ അദ്ദേഹം പഴയ കണ്ണൂർ സഖാവാണെന്ന് വരുത്തതീർക്കാനും ധാർഷ്ട്യത്തിന് ഒരു കുറവുണ്ടായില്ലെന്ന ചിന്ത ശക്തമാക്കാനും ഈ സമരത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
സമരത്തിന്റെ വിജയം യു.ഡി.എഫിന് മറ്റൊരു ഗുണവും കൂടി നൽകിയിട്ടുണ്ട്. മാണിവിഭാഗം പോയിട്ടും മുന്നണിക്ക് ഒന്നും വന്നിട്ടില്ലെന്ന് വരുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. നിയമസഭയിൽ യു.ഡി.എഫ് പ്രതിഷേധിക്കുമ്പോൾ ഇറങ്ങിപ്പോയും സമ്മേളനത്തിൽ നിസ്സഹകരണം കാട്ടിയും ബഹിഷ്‌ക്കരിച്ചുമൊക്കെ സമരത്തെ പരോക്ഷമായി മാണി ഗ്രൂപ്പ് സഹായിച്ചിരുന്നു. എന്നാൽ ഈ സമരത്തോടെ മാണിവിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് മുന്നണിയുടെ വിലയിരുത്തൽ