ലണ്ടന്‍ :കള്ളുകുടിച്ച് പാമ്പായ ഒരു ലണ്ടന്‍ മലയാളി ഒപ്പിച്ച പണികേട്ടാല്‍ ആരുമൊന്ന് ഞെട്ടും. വിമാനത്തിലെ സീറ്റിനടയില്‍ മൂത്രമൊഴിച്ചാണ് മലയാളികളെ ലോകം മുഴുവനും നാറ്റിച്ചത്. ഇന്ത്യയില്‍നിന്നും ബിര്‍മിംഗ്ഹാമിലേക്കുവന്ന വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഒടുവില്‍ ഇയാള്‍ക്ക് ആയിരം പൗണ്ടിലധികം പിഴയടക്കേണ്ടിവന്നു.
ബിര്‍മിംഹാം എന്‍.എച്ച്.എസ് ആശുപത്രിയിലെ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന ജിനു എബ്രഹാം (39), ആണ് മലയാളികള്‍ക്കാകെ നാണക്കേട് ആയി മാറിയത്.. ബിര്‍മിംഗ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡിലുള്ള ഹോളോ ക്രോഫ്റ്റില്‍ കുടുംബവുമൊത്ത് താമസിച്ചിരുന്ന ജിനു എബ്രഹാം മദ്യപിച്ചാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് കോടതിയില്‍ സമ്മതിച്ചു.
ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് പത്തുവയസുകാരനായ മകനുമായാണ് ജിനു വിമാനത്തില്‍ കയറിയത്. ആദ്യം വിമാനജീവനക്കാരുടെ നിര്‍ദ്ദേശം അവഗണിച്ചു സീറ്റില്‍ നിന്നും എണീറ്റ് അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി.
വിമാനം ബര്‍മിങ്ഹാമിലെത്തിയതോടെ ജിനു അറസ്റ്റിലാവുകയായിരുന്നു.11 വര്‍ഷം മുമ്പ് വിവാഹിതനായ ജിനുവിന്റെ ഭാര്യ എന്‍.എച്ച്.എസ് ആശുപത്രിയിലെ തിയേറ്റര്‍ നഴ്സാണ്. 15 മാസം മാത്രം പ്രായമുള്ള മറ്റൊരു കുട്ടിയുമായി ഭാര്യ നേരത്തെ ബിര്‍മിംഹാമിലേക്ക് പോന്നിരുന്നു. ഇതേക്കുറിച്ചോര്‍ത്തും ജിനു വ്യാകുലനായിരുന്നെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മാനസിക ടെന്‍ഷന്‍ അകറ്റാന്‍ 2 പെഗ് വിസ്‌കി മാത്രമാണ് കഴിച്ചതെന്ന് ജിനു കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ അതോടെ സ്വബോധം മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ ചില പിഴവുകള്‍ മൂലം ഡിപ്രഷന് കഴിച്ചിരുന്ന മരുന്നും യഥാസമയം കൈയില്‍ കിട്ടിയില്ല. സ്വയം നിയന്ത്രിക്കാന്‍ നടത്തിയ ശ്രമവും വിഫലമായതോടെ എല്ലാം കൈവിട്ടുപോകുകയായിരുന്നെന്നും ജിനു കോടതിയില്‍ പറഞ്ഞു.
ഈ സംഭവത്തില്‍ വിമാനത്തിലുണ്ടായ നാശനഷ്ടം 500 പൗണ്ടിന്റേതാണെന്ന് പ്രോസിക്യൂട്ടര്‍ ജോണ്‍ കാര്‍ഡിഫ് ബിര്‍മിംഹാം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിങ്ങും വേണ്ടി വന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് 300 പൗണ്ട് വിമാനക്കമ്പനിയുടെ ചിലവിനത്തിലും 500 പൗണ്ട് നഷ്ടപരിഹാരമായും 30 പൗണ്ട് മൂത്രം തെറിച്ചുവീണ ഒരു യാത്രക്കാരനുള്ള നഷ്ടപരിഹാരമായും വിമാനത്താവള അധികൃതര്‍ക്കും പോലീസിനും കോടതിക്കും വന്ന ചിലവിനത്തില്‍ മറ്റൊരു 185 പൗണ്ടും പിഴ ശിക്ഷയായി അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്.