വിവാഹിതയും കുഞ്ഞിന്റെ അമ്മയുമാണെന്ന് മറച്ചുവെച്ചു; ഇരുപത്തിമൂന്നുകാരിക്ക് സൗന്ദര്യ കിരീടം നഷ്ടമായി

കഴിഞ്ഞ വ്യാഴാഴ്ച ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ വച്ച് നടന്ന വാശിയേറിയ സൗന്ദര്യ മത്സരത്തില്‍ വച്ച് 23 കാരിയായ സുന്ദരി വെറോനിക്ക ഡിഡുസെങ്കോ മിസ് ഉക്രയിന്‍ കിരീടം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ആ കിരിടം അധികനാള്‍ ശിരസില്‍ വയ്ക്കാനുള്ള ഭാഗ്യം വെറോനിക്കയ്ക്ക് ഇല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് താന്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന കാര്യം മറച്ച് വച്ച് കൊണ്ടാണ് വെറോനിക്ക മത്സരിച്ച് കിരീടം വാങ്ങിയതെന്ന് ഇപ്പോള്‍ വെളിപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നല്‍കിയ കിരീടം സംഘാടകര്‍ തിരിച്ച് വാങ്ങിയിരിക്കുന്നത്. വിവാഹവും പ്രസവവും വിദഗ്ധമായി മറച്ച് വച്ച് ഒരു ദേശത്തിന്റെ മുഴുവന്‍ കൈയടി നേടിയ ഈ സുന്ദരിക്ക് സൗന്ദര്യ കിരീടം നഷ്ടമായിരിക്കുകയാണെന്ന് ചുരുക്കം.

മത്സരത്തില്‍ പങ്കെടുക്കുന്ന വേളയില്‍ വെറോനിക്കയുടെ വയര്‍ കണ്ടിട്ട് അവള്‍ പ്രസവിച്ചതാണെന്ന് ആ ജഡ്ജിമാര്‍ക്ക് മനസിലായില്ലേ? എന്ന ചോദ്യമാണ് ഈ അവസരത്തില്‍ ഉയരുന്നത്. മുന്‍ ഭര്‍ത്താവിന്റെ നാല് വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് താനെന്ന വിവരമായിരുന്നു വെറോനിക്ക മറച്ച് വച്ചിരുന്നത്. വിവാഹിതരോ അല്ലെങ്കില്‍ കുട്ടികളുള്ളവരോ ആയ യുവതികള്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമം ഇത്തരത്തില്‍ വെറോനിക്ക ലംഘിച്ചതിനെ തുടര്‍ന്നാണ് സൗന്ദര്യ കിരീടം അവര്‍ക്ക് തിരിച്ച് കൊടുക്കേണ്ടി വന്നിരിക്കുന്നത്. വെറോനിക്ക മത്സരത്തിന്റെ നിയമം ലംഘിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവര്‍ക്ക് നല്‍കിയ കിരീടവും ടൈറ്റിലും തിരിച്ചെടുക്കുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ മിസ് ഉക്രയിന്‍ ഒഫീഷ്യലുകള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ തുടര്‍ന്ന് 2018 ഡിസംബറില്‍ ചൈനയില്‍ വച്ച് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ വെറോനിക്കക്ക് പകരം ഉക്രയിനിനെ പ്രതിനിധീകരിച്ച് മറ്റൊരു സുന്ദരിയായിരിക്കും പങ്കെടുക്കുന്നത്. വിവാഹിതരും അമ്മമാരുമായ സ്ത്രീകള്‍ പങ്കെടുക്കരുതെന്ന നിയമം മുമ്പ് മിസ് ഗ്രേറ്റ് ബ്രിട്ടന്‍ മത്സരത്തിലുമുണ്ടായിരുന്നു. എന്നാല്‍ മത്സരം കൂടുതല്‍ കാലികമാക്കുന്നതിനായി ഈ കടുത്ത നിയമം 2013ല്‍ ബ്രിട്ടന്‍ റദ്ദാക്കുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടാര്‍ന്ന അവസരത്തില്‍ തനിക്ക് പിന്തുണയേകി നിലകൊണ്ട 11,500 ഇന്‍സ്റ്റാഗ്രാം ഫോളോവര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് വെറോനിക്ക സന്ദേശമിട്ടിരുന്നു.വെറോനിക്കയ്ക്ക് പകരം ഉക്രയിന്‍ ആര്‍ക്കാണ് സുന്ദരിപ്പട്ടം നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

റണ്ണര്‍ അപ്പായ സുന്ദരിക്ക് ഇത് ഓട്ടോമാറ്റിക്കായി നല്‍കില്ലെന്നാണ് മിസ് ഉക്രയിന്‍ സംഘാടകര്‍ പറയുന്നത്. പുതിയ വിജയിയെ കണ്ടെത്തുന്നതിനുള്ള ചെലവ് വഹിക്കാന്‍ വെറോനിക്കയോട് ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും മിസ് ഉക്രയിന്‍ സംഘാടകര്‍ പറയുന്നു.

Top