ന്യൂഡല്‍ഹി: പോലീസ് തിരയുന്ന വിദ്യാര്‍ത്ഥികള്‍ളെ തേടി ജെഎന്‍യു കാംപസില്‍ പോലീസ് എത്തിയതോടെ ഇന്നലെ രാത്രി മുതല്‍ കാംപസില്‍ സംഘര്‍ഷാവസ്ഥ. ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെ ജെഎന്‍യു ക്യാംപസിലെത്തുകയായിരുന്നു. ഇവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കി പൊലീസ് ക്യാംപസിനു പുറത്തു നിലയുറപ്പിച്ചു. ക്യാംപസിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എന്നാല്‍ ഉമര്‍ ഖാലിദിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജെഎന്‍യുവിലെ മറ്റ് വിദ്യാര്‍ത്ഥികള്‍. ഉമര്‍ഖാലിദിനും കനയ്യ കുമാറിനുമെതിരെ രാജ്യദ്രോഹം ചുമത്തിയ്ത് അംഗീകരിക്കില്ലെന്നും അവര്‍ പറയുന്നു. ഉമര്‍ ഖാലിദും സംഘവും ജെഎന്‍യുവില്‍ ഒളിവിലുണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതിനിടെയാണ് ഇവര്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
ഈ ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. ഇതിനിടെയാണ് ഇവര്‍ ഇന്നലെ രാത്രിയോടെ ക്യാമ്പസിലെത്തിയതെന്ന വാദവും സജീവമായത്. ഇത് പൊലീസ് അംഗീകരിക്കുന്നില്ല. എങ്കിലും കോളേജിനുള്ളില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ഒഴിവാക്കാനാണ് പൊലീസിന്റെ തീരുമാനം. കോളേജ് അധികൃതരുടെ സമ്മതത്തോടെ അറസ്റ്റ് ചെയ്യാനാണ് ഉദേശം.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിക്കൊല്ലപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ ക്യാമ്പസില്‍ അനുസ്മരണം സംഘടിപ്പിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതിനു പതിനാറു വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സംഭവത്തില്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ അറസ്റ്റിലായി. തുടര്‍ന്ന് ഒളിവില്‍പ്പോയ വിദ്യാര്‍ത്ഥികളില്‍ അഞ്ചുപേര്‍ ഞായറാഴ്ച രാത്രി ക്യാമ്പസില്‍ തിരിച്ചെത്തുകയായിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനായ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ എത്തിയത്. തുടര്‍ന്ന് പൊലീസ് രാത്രിയില്‍ ക്യാമ്പസ് വളഞ്ഞു.
വൈസ് ചാന്‍സലറുടെ ഓഫീസിനു സമീപം മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്ന ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തടിച്ചുകൂടി. വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തു സംസാരിച്ച ഉമര്‍ ഖാലിദ് തന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു. തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും കുടുബത്തിനെതിരേയുള്ള പ്രതികരണങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും ഉമര്‍ പറഞ്ഞു. ജെ.എന്‍.യുവിന് എതിരേയുള്ള പ്രചാരണങ്ങള്‍ക്കെതിരേ പ്രതികരിക്കാനാണു തങ്ങള്‍ എത്തിയതെന്നു പറഞ്ഞ ഉമര്‍ നിയമപരമായി അറസ്റ്റു വരിക്കാനുള്ള സന്നദ്ധതയും അറിയിച്ചു.
ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളുടെ കേന്ദ്രബിന്ദു ഉമന്‍ ഖാലിദ് ആണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഖാലിദ് ആയിരുന്നു പ്രതിഷേധ പരിപാടിയുടെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്ര ഇടത് സംഘടനയായ ഡി.എസ്.യുവിന്റെ നേതാവ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം കാമ്പസിലെ സബര്‍മതി ധാബയ്ക്കടുത്ത് കശ്മീരുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം തന്റെ സഹോദരന്‍ ഇന്ത്യയുടെ മഹാനായ പുത്രനാണെന്ന് ഉമര്‍ ഖാലിദിന്റെ സഹോദരി മറിയം ഫാത്തിമ. ഉമറിനെതിരായ കുറ്റകൃത്യങ്ങള്‍ കള്ളങ്ങളും കെട്ടിച്ചമച്ചവയുമാണെന്നും അവര്‍ ആരോപിച്ചു. ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ ഉമറിനെതിരെ വിചാരണ നടത്തുകയാണ്. ജനക്കൂട്ടം അയാളെ ആക്രമിച്ചു കൊലചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് അവരെന്നും യു.എസില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ മറിയം ഫാത്തിമ അഭിപ്രായപ്പെട്ടു. ഉമറിന്റെ അഞ്ചു സഹോദരിമാരില്‍ മൂത്തവളാണ് ഫാത്തിമ. ഉമറിന്റെ അനുജത്തിയാണിവര്‍. തങ്ങളുടെ 12 വയസുള്ള സഹോദരിക്കുവരെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഭീഷണിയുണ്ടെന്നും ഫാത്തിമ പറഞ്ഞു.
ഈ ഭീഷണിയുള്ളതിനാല്‍ ഫാത്തിമയെ സ്‌കൂളില്‍ വിടുന്നില്ല. ‘ഉമറിനെ പ്രതിരോധിച്ചുകൊണ്ടു പോസ്റ്റിടാന്‍ തുടങ്ങിയതുമുതല്‍ സഹോദരിക്കുനേരെ ഫേസ്ബുക്കില്‍ ഭീഷണിയുണ്ട്. അവര്‍ സ്‌കൂളിലോ കോളജിലോ പോകുന്നില്ല. വളരെ അപകടകരമായ അവസ്ഥയിലാണ് ഇപ്പോള്‍ ഞങ്ങളുള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ’ ഫാത്തിമ പറഞ്ഞു. അതിനിടെ ഉമന്‍ ഖാലിദ് ആക്രമിക്കപ്പെടുന്നത് മുസ് ലിം ആയതിനാലാണെന്ന് പിതാവ് സയ്യിദ് ഖാസിം ഇല്യാസും ആരോപിച്ചു.
നിരോധിത സംഘടനയായ സിമിയുമായി മുന്‍പ് തനിക്കുണ്ടായിരുന്ന ബന്ധം ചൂണ്ടിക്കാട്ടിയും ഖാലിദ് വവേട്ടയാടപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിമിയുമായുള്ള ബന്ധം 1985 ല്‍ ഉപേക്ഷിച്ചുവെന്ന് ഇല്യാസ് അവകാശപ്പെട്ടു. അതിനുശേഷമാണ് ഉമര്‍ ഖാലിദ് ജനിച്ചത് ഇല്യാസ് മാധ്യമങ്ങളോട് പറഞ്ഞു.